
കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ. മെഡിക്കൽ കോളജിലെ ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണകാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു. നഴ്സിങ് ജീവനക്കാർ മോശമായി പെരുമാറി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.
കട്ടപ്പന സ്വദേശികളായ ആഷ-വിഷ്ണു ദമ്പതികളുടെ മകൾ ഏക അപർണ്ണിക ആണ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. വയറു വേദനയെ തുടർന്നാണ് കുട്ടിയെ കോട്ടയത്ത് ചികിത്സയ്ക്ക് എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടി മരിക്കുകയായിരുന്നു.
അതേസമയം ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഹൃദയാഘാതം മൂലമാണ് മരണം എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് കുടുംബം കട്ടപ്പന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.