കോട്ടയത്തെ റാഗിങ്: 'മൂന്നു മാസം നീണ്ട പീഡന പരമ്പരയിലെ വിശദ വിവരങ്ങൾ ചോദിച്ചറിയണം'; പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

കോട്ടയത്തെ റാഗിങ്: 'മൂന്നു മാസം നീണ്ട പീഡന പരമ്പരയിലെ വിശദ വിവരങ്ങൾ ചോദിച്ചറിയണം'; പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്
Published on

കോട്ടയം ഗാന്ധിനഗർ ഗവ. നേഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്. കേസന്വേഷണത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രണ്ട്, മൂന്ന് വർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽരാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

മൂന്നുമാസം നീണ്ട റാ​ഗിങ് പരമ്പരയിലെ വിശദ വിവരങ്ങൾ പ്രതികളിൽ നിന്ന് ചോദിച്ചറിയണം. ഇതിനായി അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് ഗാന്ധിനഗർ പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിലെ ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുള്ള, ഇരയായ വിദ്യാർഥിയുടെ കേസിൽ മറ്റ് അഞ്ച് ജൂനിയർ വിദ്യാർഥികളെ സാക്ഷികളാക്കിയിട്ടുണ്ട്.

സംഭവത്തിൽ നഴ്സിങ് എജുക്കേഷൻ വിഭാഗവും കൂടുതൽ പരിശോധനകൾ നടത്തും. കോളേജിലെ അധ്യാപകരിൽ നിന്നും കൂടുതൽ വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നഴ്സിങ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തുക. പ്രതികളായ അഞ്ചു വിദ്യാർത്ഥികളുടെ തുടർ പഠനം വിലക്കാൻ നഴ്സിങ് കൗൺസിൽ തീരുമാനിച്ചിരുന്നു. അഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ, ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡൻ്റെ ചുമതലയുള്ള അധ്യാപകൻ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

സർക്കാർ നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും കാണാൻ സാധിക്കുന്ന വീഡിയോയാണ് കേസിലെ പ്രധാന തെളിവ്. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ഉപദ്രവിച്ചത്.

News Malayalam 24x7
newsmalayalam.com