
ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ പ്രഖ്യാപിച്ച് യുനെസ്കോ. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.ബി രാജേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് എം.ടി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
2023 ഒക്ടോബര്‍ 31-നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങള്‍ പാര്‍ക്കുകള്‍ എന്നിവയെ സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.