അത്യാഹിതങ്ങളിൽ രക്ഷയാവേണ്ടവർ തന്നെ പ്രതിസന്ധിയിൽ; ദുരിതക്കയത്തിൽ മുങ്ങി കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ

ബീച്ച് ഫയർ സ്റ്റേഷൻ്റെ ശോചനീയാവസ്ഥയെ കുറിച്ച് ന്യൂസ് മലയാളം നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
അത്യാഹിതങ്ങളിൽ രക്ഷയാവേണ്ടവർ തന്നെ പ്രതിസന്ധിയിൽ; ദുരിതക്കയത്തിൽ മുങ്ങി കോഴിക്കോട്  ബീച്ച് ഫയർ സ്റ്റേഷൻ
Published on

കോഴിക്കോട് നഗരത്തിൽ തീപിടിത്തം, വാഹനാപകടം തുടങ്ങി എല്ലാ അത്യാഹിതങ്ങളിലും രക്ഷയാവേണ്ട ബീച്ച് ഫയർ സ്റ്റേഷൻ ഇന്ന് ദുരിതക്കയത്തിലാണ്. നഗര സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്ന ഫയർ സ്റ്റേഷന് കെട്ടിടം ഇല്ലാതായിട്ട് മാസങ്ങളാകുന്നു. കാലപ്പഴക്കത്താൽ നിലം പൊത്താറായ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും നിർമാണം ഇതുവരെ തുടങ്ങാനായിട്ടില്ല. ബീച്ച് ഫയർ സ്റ്റേഷൻ്റെ ശോചനീയാവസ്ഥയെ കുറിച്ച് ന്യൂസ് മലയാളം നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

ഒന്നടങ്കം കത്തിച്ചാമ്പലായേക്കാവുന്ന തീപിടിത്തങ്ങളിൽനിന്ന് നഗര ജനതയെയും സ്ഥാപനങ്ങളെയും രക്ഷിച്ച ചരിത്രമുള്ള ബീച്ച് ഫയർ സ്റ്റേഷനാണിന്ന് കേവലം ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടിയ പന്തലായി മാറിയത്.

കഴിഞ്ഞ കുറെ മാസങ്ങളായി ജീവനക്കാരുടെ ക്വാർട്ടേഴ്സ് ഉണ്ടായിരുന്ന ഭാഗത്ത് ടാർപോളിൻ ഷീറ്റ് കെട്ടിയാണ് ഫയർസ്റ്റേഷന്റെ പ്രവർത്തനം. പഴയ ക്വാർട്ടേഴ്‌സിലാണ് ഓഫിസ് പ്രവർത്തനവും ജീവനക്കാരുടെ വിശ്രമവുമെല്ലാം. മിഠായിതെരുവ്, വലിയങ്ങാടി, ബീച്ച്, പാളയം എന്നിങ്ങനെ നഗരപരിധിയിൽ തന്നെ നൂറ് കണക്കിന് ബഹുനില കെട്ടിടങ്ങളും വലിയ ആൾ തിരക്കുളള സ്ഥലങ്ങളുമുണ്ട്. ഈ ഇടങ്ങളിൽ എവിടെയെങ്കിലും തീപിടിത്തമടക്കമുളള അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം നേരിടുമെന്നാണ് ആക്ഷേപം.

കെട്ടിടം അപകടാവസ്ഥയിലായതോടെ 17 കോടി ചിലവിൽ പുതിയ കെട്ടിടം നിർമിക്കാനാവശ്യമായ പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചു. ഇതോടെപ്പം താത്കാലിക സൗകര്യത്തിനായി ആദ്യം കോർപറേഷനും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് കെട്ടിടം ലഭ്യമാക്കാൻ ജില്ല ഭരണകൂടവും ഇടപെട്ടെങ്കിലും ഇതും പാതി വഴിയിലായി. ഇതോടെയാണ് ടാർപോളിൻ ഷീറ്റിനകത്തേക്ക് ഓഫീസ് പ്രവർത്തനം ചുരുങ്ങിയത്.


ഇതിനകം തന്നെ സ്റ്റേഷനിലെ ജീവനക്കാരിൽ ഭൂരിഭാഗം പേരെയും ജില്ലയിലെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റി. ഫയർ എൻജിനുകൾ മിക്കതും മീഞ്ചന്ത, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിലേക്കും മാറ്റി. ചുരുക്കത്തിൽ ഒരു യൂണിറ്റ് മാത്രമാണ് ബീച്ചിലുള്ളത്. ഇതോടെ നഗരത്തിൽ വലിയ അത്യാഹിതങ്ങളുണ്ടായാൽ മറ്റു സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയിലുമായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com