
കോഴിക്കോട് പേരാമ്പ്ര പവിത്രം ജ്വല്ലറി കവർച്ചാക്കേസ് പ്രതിയെ നേപ്പാൾ അതിർത്തിയിൽ നിന്നും പിടികൂടി കേരളാ പൊലീസ്. ബിഹാർ സ്വദേശി മുഹമ്മദ് മിനാർ ഉൽഹഖ് ആണ് അറസ്റ്റിലായത്. മോഷണത്തിന് ശേഷം പ്രതി ട്രെയിൻ മാർഗം നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. കേസിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ജൂലൈ അഞ്ചിനാണ് അറസ്റ്റിലായ ബീഹാർ കിഷൻ ഗഞ്ച് സ്വദേശിയായ പ്രതി മുഹമ്മദ് മിനാർ ഉൽഹഖ് കേരളത്തിലെത്തുന്നത്. ജൂലൈ 6ന് പുലർച്ചെ പേരാമ്പ്രയിലുള്ള പവിത്രം ജ്വല്ലറിയുടെ പിന്നിലെ ചുമർ തുരന്ന് അകത്തു കടന്ന പ്രതി 250 ഗ്രാം സ്വർണവും, 5 കിലോഗ്രാം വെളളിയാഭരണങ്ങളും കവർച്ച ചെയ്തു. ശേഷം നാട്ടിലേക്ക് ട്രയിൻ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നു.
Also Read: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടം, നാട്ടുകാരുടെ ഇടപെടല്‍ വഴിത്തിരിവായി; എടിഎം കവര്‍ച്ചാ കേസിലെ പ്രതികള്‍ പിടിയിലായത് ഇങ്ങനെ
മേപ്പയ്യൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യാതൊരു തെളിവും ലഭിക്കാത്തത് പൊലീസിനെ പാടെ വെട്ടിലാക്കി. മുൻ പേരാമ്പ്ര ഡിവൈഎസ്പി കെ.എം. ബിജുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും തുടർന്ന് ചുമതലയേറ്റ ഡിവൈഎസ്പി വി.വി. ലതീഷാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
കവർച്ച നടന്ന് ആഴ്ചകൾക്ക് ശേഷമാണ് മുയിപ്പോത്ത് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ജൂലൈ 6ന് പുലർച്ചെ രണ്ടുപേർ ധൃതിയിൽ നടന്നു പോകുന്ന ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇത് ഇതര സംസ്ഥാന തൊഴിലാളികൾ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഈ കാലയളവിൽ നാട്ടിലേക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം പൊലീസ് ശേഖരിച്ചു. തുടർന്ന് മുയിപ്പോത്ത് മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിൽ താമസിച്ച രണ്ടുപേരെപ്പറ്റി പൊലീസ് അന്വേഷണം നടത്തുകയും പ്രതികളാണെന്ന് ഉറപ്പു വരുത്തുകയുമായിരുന്നു. പ്രതികൾ ബീഹാർ സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞ അന്വേഷണ സംഘത്തിലെ നാലുപേർ ബീഹാറിലേക്ക് തിരിച്ചു.
കോഴിക്കോട് റൂറൽ എസ്പിയുടെ നിർദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് കവർച്ച സംഘത്തിലെ ഒരു പ്രതിയെ കണ്ടെത്തിയത്. നേപ്പാൾ അതിർത്തിയിലെ ദിഗൽ ബങ്കിലുള്ള ബംഗ്ലാദേശ് കോളനിയിൽ ആയിരുന്ന പ്രതിയെ വളരെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ് ബീഹാർ പൊലീസിന്‍റെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. കേസിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.