കോഴിക്കോട്ടെ വസ്ത്ര ഗോഡൗണിലെ തീപിടിത്തം; കേസെടുത്ത് കസബ പൊലീസ്

സമഗ്രമായ അന്വേഷണം നടത്തുമെന്നും ഏത് തലത്തില്‍ വീഴ്ചയുണ്ടായാലും നടപടി ഉണ്ടാകുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട്ടെ വസ്ത്ര ഗോഡൗണിലെ തീപിടിത്തം; കേസെടുത്ത് കസബ പൊലീസ്
Published on


കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡിനോട് ചേര്‍ന്ന് വസ്ത്ര ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ കേസെടുത്ത് പൊലീസ്. ഫയര്‍ ഒക്കറന്‍സ് വകുപ്പ് പ്രകാരം കോഴിക്കോട് കസബ പൊലീസ് ആണ് കേസെടുത്തത്. സ്ഥലത്ത് ഫയര്‍ ഫോഴ്സും പോലീസും സംയുക്തമായി പരിശോധന നടത്തും.

പൊലീസ് തലത്തിലും അഗ്നിശമന സേനയുടെ ഭാഗത്ത് നിന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് തുടങ്ങിയവരെല്ലാം വിശദമായ പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഇതിന്റെ കാരണം എന്താണെന്ന് അറിയാന്‍ സാധിക്കൂ എന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി വെച്ചിട്ടുണ്ട്. കോര്‍പറേഷന്‍ തലത്തില്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്ന് അന്വേഷണം നടത്തുന്നുണ്ട്. അതിന് ശേഷം മാത്രമേ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ചിന്തിക്കാനാവൂ. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായാല്‍ ഉറപ്പായും നടപടി ഉണ്ടാകുമെന്നും മേയര്‍ പ്രതികരിച്ചു.

സമഗ്രമായ അന്വേഷണം നടത്തുമെന്നും ഏത് തലത്തില്‍ വീഴ്ചയുണ്ടായാലും നടപടി ഉണ്ടാകുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അപകടം എങ്ങനെയാണ് ഉണ്ടായത്, ഇനി ഉണ്ടാവാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. അതിനുള്ള പ്രാഥമിക പരിശോധനകള്‍ ഇന്ന് ഏതാനും സമയത്തിനകം തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍വതല സ്പര്‍ശിയായ പരിശോധനകളിലൂടെ വീഴ്ചയുണ്ടെങ്കില്‍ തിരുത്താനും വീഴ്ചയ്ക്ക് ഇടവരുത്തിയവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ നടപടി എടുക്കാനുമുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു.

തീപിടിത്തത്തില്‍ 75 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. മൂന്നാം നിലയിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ മാത്രം 50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഇന്ന് പരിശോധന നടത്തും. കെട്ടിട പരിപാലന ചട്ടം പാലിച്ചോയെന്ന് പരിശോധിക്കും. തീപിടിത്തത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി ജയതലിക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് പ്രൈവറ്റ് ബസ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലാണ് ആദ്യം തീപിടിച്ചത്. ഇവിടെ നിന്നും സമീപത്തുള്ള കടകളിലേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം എടുത്താണ് തീ അണച്ചത്. തീ പിടിത്തത്തില്‍ വസ്ത്രഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

കെട്ടിടത്തിന്റെ രൂപമാണ് തീയണയ്ക്കാന്‍ പ്രതിസന്ധിയായത്. കെട്ടിടത്തിനകത്തേക്ക് കയറാന്‍ കഴിയാതിരുന്നത് വെല്ലവിളിയായെന്നും ബ്ലൂ പ്രിന്റ് കിട്ടിയില്ലെന്നും ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി പറഞ്ഞിരുന്നു.

വിവിധ സ്ഥലങ്ങളില്‍ നിന്നായി 14 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയതോടെയാണ് തീ നിയന്ത്ര വിധേയമാക്കാന്‍ കഴിഞ്ഞത്. ജെസിബി ഉള്‍പ്പടെ സ്ഥലത്തെത്തിച്ച് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് നീക്കിയാണ് തീ അണച്ചത്. തീ പടര്‍ന്ന ഉടനെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വൈകീട്ട് അഞ്ച് മണിയോടെയാണ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയില്‍ തീ പിടിച്ചത്. തീ പടര്‍ന്നതോടെ കെട്ടിടത്തിന്റെ മുകള്‍ നില പൂര്‍ണമായും കത്തി നശിച്ചു. തീ ആളി പടര്‍ന്നതിനു അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞതും ആശങ്ക ഉയര്‍ത്തി. അപകട സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ വൈദ്യുതി, ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിന്റെ ഗോഡൗണ്‍, മെഡിക്കല്‍ ഷോപ്പിന്റെ മരുന്ന് സൂക്ഷിച്ച സ്ഥലം എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും തീ പടര്‍ന്നത്. മന്ത്രി എ.കെ. ശശീന്ദ്രന്‍, എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍, കളക്ടര്‍, ഐജി തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com