
കോഴിക്കോട് കെഎസ്ആർടിസി ബസ്സ്റ്റാൻഡ് ടെർമിനൽ ബലപ്പെടുത്തുന്നതിനുള്ള ചെലവ് ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സർക്കാർ. കെട്ടിടം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കെട്ടിടം നിർമിച്ചവരിൽ നിന്നുതന്നെ ബലപ്പെടുത്തുന്നതിനുള്ള പണവും ഈടാക്കണമെന്നും സർക്കാരിന് ഇതിനായി 30 കോടിയോളം രൂപ മുടക്കാനാകില്ലെന്നും മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും വ്യക്തമാക്കി.
കെട്ടിടം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്‌സിന് വേണമെങ്കിൽ കെട്ടിടം ബലപ്പെടുത്താം. അതിന് കഴിയില്ലെങ്കിൽ കരാരിൽനിന്ന് അലിഫിന് പിന്മാറാമെന്നുമുള്ള നിലയിലാണ് യോഗം മുന്നോട്ട് പോയത്. അലിഫ് പ്രതിനിധികളെ ഇക്കാര്യം അറിയിക്കാൻ യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന് കെട്ടിടം ലാഭകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും യോഗത്തിൽ ധാരണയായി. എന്നാൽ, യോഗ തീരുമാനങ്ങൾക്ക് കാബിനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
അതേസമയം കെട്ടിടം നിലവിലെ അവസ്ഥയിലാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയതെന്നും തുടർന്നുള്ള ബാധ്യതകളെല്ലാം അവർ ഏറ്റെടുക്കണമെന്നുമായിരുന്നു കെ. ടി. ഡി. എഫ്. സി നിലപാട്. കരാർ പ്രകാരമുള്ള നിയമ വ്യവസ്ഥകൾ കമ്പനി അധികൃതർ പാലിച്ചില്ലെന്ന് മന്ത്രി ഗണേഷ് കുമാറും ചൂണ്ടിക്കാട്ടി. പാട്ടക്കരാർ പ്രകാരമുള്ള മൊറട്ടോറിയം കാലയളവ് കഴിഞ്ഞിട്ടും കമ്പനി കെ.ടി.ഡി.എഫ്.സിക്ക് വാടക നൽകിത്തുടങ്ങിയിട്ടില്ല. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കെട്ടിടം നിലവിലെ അവസ്ഥയിൽ തന്നെ എറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം അലിഫ് ബിൽഡേഴ്‌സിന് കെ. ടി. ഡി. എഫ്. സി കത്തയച്ചിരുന്നു. ഇതിനെതിരെ പരാതിയുമായി അലിഫ് മുഖ്യമന്ത്രിയെ സമീപിച്ചതിനെതുടർന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചത്.