ജീവിതം മുന്നോട്ട് നീക്കാൻ പല ജോലികൾ, ഒടുവിൽ സ്കൂട്ടറിൽ ചായക്കച്ചവടം;കോഴിക്കോട്ടെ ചായ്‌വാലി ശ്രീജയുടെ കഥ

ദിവസം 150 മുതൽ 200 വരെ ചായയും പലഹാരങ്ങളും വിതരണം ചെയ്യും. മകളുടെ എംബിബിഎസിന് പഠനത്തിനുൾപ്പെടെ ചെറുതെങ്കിലും ഈ വരുമാനം സഹായമാണ്.
ജീവിതം മുന്നോട്ട് നീക്കാൻ പല ജോലികൾ, ഒടുവിൽ സ്കൂട്ടറിൽ ചായക്കച്ചവടം;കോഴിക്കോട്ടെ ചായ്‌വാലി ശ്രീജയുടെ കഥ
Published on

സൈക്കിളിൽ ചായവിൽപ്പന നടത്തുന്നവർ നഗരങ്ങളിലെ പതിവുകാഴ്‌ചയാണ്. അതിൽനിന്ന് അൽപം വ്യത്യസ്തമായി സ്കൂട്ടറിൽ ചായയുമായി എത്തുന്ന കോഴിക്കോട്ടുകാരി ശ്രീജ. ഒരു ദിവസം 200 ചായവരെ ഇവർ വിൽക്കും.സത്യത്തിൽ ഇതൊരു ചായക്കഥയല്ല പക്ഷെ ഈ കഥയിൽ ചായക്ക് വലിയ റോളും ഉണ്ട്.

ഒരു കയ്യിൽ വലിയ രണ്ടു ഫ്ലാസ്കുകൾ, മറ്റൊന്നിൽ ചായയ്ക്കുള്ള സാധനങ്ങൾ. നടുവട്ടം സ്വദേശിനി ശ്രീജയുടെ ഈ ചായ നടത്തം കോഴിക്കോട്ടുകാരുടെ പതിവ് കാഴ്ചയാണ്. ഒന്നരവർഷമായി നഗരത്തിൻ്റെ പ്രഭാതത്തിനും പ്രദോഷത്തിനുമെല്ലാം ഉന്മേഷം പകരുന്നത് ഈ ചായയാണ്. പാളയം മാർക്കറ്റ്, വലിയങ്ങാടി, മിഠായിത്തെരുവ്, ബേബി ബസാർ തുടങ്ങിയ ഇടങ്ങളിലാണ് ശ്രീജയുടെ ചായ വിൽപ്പന. ചായയ്ക്കൊപ്പം രുചികരമായ കടികളും ഇവരുടെ ബാഗിലുണ്ടാകും.

ജീവിതം മുന്നോട്ട് നീക്കാൻ പല ജോലികൾ ചെയ്തു. ഒടുവിൽ ചായക്കച്ചവടമാണ് പച്ച പിടിച്ചതെന്ന് 48കാരിയായ ശ്രീജ പറയുന്നു. സഹോദരനാണ് ഈ കുഞ്ഞു സംരംഭത്തിന് പ്രചോദനമായതെന്നും ഇവർ പറഞ്ഞു. ദിവസം 150 മുതൽ 200 വരെ ചായയും പലഹാരങ്ങളും വിതരണം ചെയ്യും. മകളുടെ എംബിബിഎസിന് പഠനത്തിനുൾപ്പെടെ ചെറുതെങ്കിലും ഈ വരുമാനം സഹായമാണ്.

പ്രത്യേകം തയ്യറാക്കിയ പെട്ടി,  സ്കൂട്ടറിന് പിന്നിൽ ഘടിപ്പിച്ചാണ് വില്പനക്കിറങ്ങുന്നത്. നഗരത്തിൽ നടക്കുന്ന പൊതുപരിപാടികളിലും ചായവിതരണം ചെയ്യാറുണ്ട്. അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി സ്ത്രീകൾ ജോലി ചെയ്യണമെന്നാണ് ശ്രീജയുടെ അഭിപ്രായം.ശ്രീജക്ക്‌ പൂർണ്ണ പിന്തുണയുമായി ഭർത്താവ് മണിയും മക്കളായ അഭിരാമിയും അനാമികയും കൂടെയുണ്ട്. സ്ത്രീകൾക്ക് ചെയ്യാൻ കഴിയാത്ത ജോലിയില്ലെന്നതാണ് ശ്രീജ നൽകുന്ന പാഠം. ഒപ്പം സ്വന്തമായി വരുമാനം കണ്ടെത്തി സ്ത്രീകൾ സ്വയം പര്യാപ്തത നേടണമെന്ന സന്ദേശവും.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com