
കോഴിക്കോട് വിലങ്ങാട് മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായി മാത്യുവിനായി ഇന്നും തെരച്ചിൽ തുടരും. എൻഡിആർഎഫിൻ്റെയും ഫയർ ആൻ്റ് റെസ്ക്യുവിന്‍റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുക. ഉരുൾപൊട്ടലിൽ 13 വീടുകളാണ് ഒലിച്ചുപോയത്. പ്രദേശത്തെ 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ജില്ലയില്‍ 56 ദുരിതാശ്വാസ ക്യാമ്പുകളിലായി 2869 പേരാണുള്ളത്. ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ച ആളുകളെ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.
വടകരയിലെ മലയങ്ങാട് ഭാഗത്താണ് ഉരുള്‍പൊട്ടിയത്. 8 തവണയാണ് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് എത്തിയ റിട്ടയേർഡ് അധ്യാപകനായ മാത്യു ഉരുൾപൊട്ടലിൽ അകപ്പെടുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടത്.
പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കൈതപ്പൊയില്‍ - ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടിയിലായി. ഇവിടെ നിന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റിയാട് മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെൻ്റർ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റിയിരിക്കുകയാണ്.
കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാല്‍ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാലടി വീതം ഉയര്‍ത്തിയിട്ടുണ്ട്. കുറ്റിയാടിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് അധികൃതർ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റിയാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തുടർന്ന് തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് അടുത്ത് റോഡിൽ വിള്ളൽ ഉണ്ടായി. വലിയ വാഹനങ്ങളുടെ പ്രവേശനം ഹൈവേ പോലീസ് നിരോധിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്.