
മലയാളി താരം കെ.പി. രാഹുൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്തേക്കെന്ന് സൂചന. ജനുവരി ട്രാൻസ്ഫർ വിൻഡോയിലാകും താരത്തിന്റെ ടീം മാറ്റമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രാഹുലിനായി ഒഡീഷ എഫ്.സി താൽപര്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുന്ന താരമാണ് രാഹുൽ.
അതേസമയം, പ്രതിരോധ നിരയിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമം. ജനുവരി 31 വരെയാണ് ട്രാൻസ്ഫർ വിൻഡോ. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് സെൻ്റർ ബാക്കായ പ്രബീർ ദാസ് മുംബൈ സിറ്റിയിലേക്ക് പോകും. ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ പ്രബീർ ദാസ് ലോൺ വ്യവസ്ഥയിൽ മുംബൈയ്ക്കായി കളിക്കും. ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് വാർത്താക്കുറിപ്പിറക്കി.
ഈ സീസണിൽ കേരളത്തിനായി അധികം മത്സരങ്ങളിലൊന്നും പ്രബീർ ദാസിന് കളിക്കാനായിരുന്നില്ല. സീസണിൽ തുടരെ നിരവധി തോൽവികൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത നേടില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ടീമിൻ്റെ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കോച്ച് മിഖായേൽ സ്റ്റാറേയെ ക്ലബ്ബ് സീസണിൻ്റെ പാതിവഴിയിൽ പുറത്താക്കിയിരുന്നു.