ദിവ്യയെ തള്ളി പത്തനംതിട്ട സിപിഎം; അപക്വമായ പെരുമാറ്റം, അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടറി

നവീന്റെ ആത്മഹത്യയെ സിപിഎം ഗൗരവമായാണ് കാണുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും.
ദിവ്യയെ തള്ളി പത്തനംതിട്ട സിപിഎം; അപക്വമായ പെരുമാറ്റം, അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടറി
Published on

കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  പി.പി. ദിവ്യയുടേത് അപക്വമായ പെരുമാറ്റമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു. മാതൃകപരമായ ജീവിതം നയിച്ച ആളാണ് നവീൻ. ദിവ്യയുടെ പെരുമാറ്റത്തെ ഗൗരവമായി തന്നെയാണ് പാർട്ടി കാണുന്നത്. സർക്കാരും പാർട്ടിയും ഇത് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലവും പത്തനംതിട്ടയിൽ തന്നെയായിരുന്നതുകൊണ്ടും സിപിഐഎം-യുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബം എന്ന നിലയിലും നവീനുമായി വർഷങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഔദ്യോ​ഗിക ജീവിതം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോവുകയും ജില്ലയിൽ NGO യുടെയും KGOA യുടെയും ഭാരവാഹിത്വത്തിലൂടെ നേതൃനിരയിൽ അദ്ദേഹം ദീർഘനാൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ആവശ്യവുമായി സമീപിച്ചിട്ടുള്ളവർക്കെല്ലാം നല്ല അനുഭവങ്ങളാണുള്ളതും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നടന്ന സംഭവവികസങ്ങളേയും തുടർന്നുള്ള നവീന്റെ ആത്മഹത്യയെയും സിപിഐഎം ഗൗരവമായാണ് കാണുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും.

തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ എ.ഡി.എം നവീൻ ബാബുവിന്റെ വേർപാടിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.

പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റമായതിനെ തുടര്‍ന്ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു ദിവ്യ അദ്ദേഹത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. യോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ ജില്ല കളക്ടര്‍ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് നവീന്‍ ബാബുവിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. പിറ്റേന്നാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊതുവേദിയില്‍ ദിവ്യ നടത്തിയ ആരോപണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതോടെ, ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 

അതേസമയം, നവീന്‍ ബാബു കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പരാതിക്കാരന്‍ രംഗത്തെത്തിയതോടെ, ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍, സിപിഎം നേതൃത്വം പലതട്ടിലാണ് ദിവ്യയെ പ്രതിരോധിച്ചത്. വിമര്‍ശനം സദുദ്ദേശ്യപരമായിരുന്നെങ്കിലും, യാത്രയയപ്പ് യോഗത്തില്‍ പറയേണ്ടതില്ലെന്നായിരുന്നു സിപിഎം കണ്ണൂര്‍ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. എന്നാല്‍, പത്തനംതിട്ട സിപിഎം ആദ്യം തന്നെ ദിവ്യയെ തള്ളി രംഗത്തെത്തിയിരുന്നു. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയും സമാന നിലപാടാണ് സ്വീകരിച്ചത്. നവീനെതിരെ വകുപ്പിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന്  റവന്യൂ മന്ത്രി കെ. രാജന്‍ വ്യക്തമാക്കിയതിനു പിന്നാലെ, സിപിഐയും ദിവ്യക്കെതിരെ രംഗത്തെത്തിയിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com