കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ സതീശനെതിരെ പടയൊരുക്കം; പ്രസംഗം പാതിവഴിയിൽ നിർത്തി പ്രതിപക്ഷ നേതാവ്

ഐക്യം ഇല്ലെങ്കിൽ കേരളത്തിൻ്റെ ചുമതല ഒഴിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുന്നറിയിപ്പ് നൽകി
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ സതീശനെതിരെ പടയൊരുക്കം; പ്രസംഗം പാതിവഴിയിൽ നിർത്തി പ്രതിപക്ഷ നേതാവ്
Published on

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പടയൊരുക്കം. ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സതീശൻ ആരാണെന്ന് എ.പി. അനിൽകുമാർ ചോദിച്ചു. വിമർശനത്തെ തുടർന്ന് പ്രതിപക്ഷ നേതാവിന് പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടിവന്നു. ഐക്യം ഇല്ലെങ്കിൽ കേരളത്തിൻ്റെ ചുമതല ഒഴിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുന്നറിയിപ്പ് നൽകി.

ആറുമണിക്കൂറോളം നീണ്ട കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾ തമ്മിലുള്ള ഐക്യമില്ലായ്മയാണ് പ്രധാനമായും ചർച്ചയായത്. യോജിച്ച പ്രവർത്തനം ഇല്ലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ച ഇപ്പോൾ വേണ്ടെന്നും തർക്കം തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പി.ജെ. കുര്യൻ്റെ നിലപാട്.

അവസാനം സംസാരിച്ച പ്രതിപക്ഷ നേതാവ് നിയമസഭ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനിടയാണ് എ.പി. അനിൽകുമാർ ഇടഞ്ഞത്. ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ വി.ഡി. സതീശൻ ആരാണെന്നായിരുന്നു അനിൽകുമാറിൻ്റെ ചോദ്യം. പറയാനുള്ള അവകാശം തനിക്കില്ലേയെന്ന് ചോദിച്ച് വി.ഡി. സതീശൻ പ്രസംഗം പൂർത്തിയാക്കാതെ നിർത്തി. കെ സി വേണുഗോപാൽ അടക്കം ആവശ്യപ്പെട്ടിട്ടും പ്രസംഗം തുടരാൻ സതീശൻ തയ്യാറായില്ല. പ്രതിപക്ഷ നേതാവിൻ്റെ വസതി പ്രവർത്തകരുടെ അഭയ കേന്ദ്രമല്ലെന്ന വിമർശനം ശൂരനാട് രാജശേഖരൻ ഉന്നയിച്ചു. എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്ന വിമർശനവും ഉയർന്നു.

തർക്കങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിൻ്റെ ചുമതലയിൽ താൻ തുടരുന്നതിൽ കാര്യമില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ദീപാ ദാസ് മുൻഷി നിലപാടെടുത്തു. ഇതോടെയാണ് നേതാക്കൾ തമ്മിലുള്ള വാഗ്വാദം അവസാനിച്ചത്. ഐക്യമുണ്ടെന്ന് അണികളെ ബോധ്യപ്പെടുത്താൻ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്ന് വാർത്താസമ്മേളനം നടത്താൻ രാഷ്ട്രീയ കാര്യ സമിതിയിൽ തീരുമാനമായി. പി.വി. അൻവറിനെ തിടുക്കപ്പെട്ട മുന്നണിയിൽ എടുക്കേണ്ടെന്നാണ് കെപിസിസിയിലെ ധാരണ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com