ഇഡി ഉദ്യോഗസ്ഥനെതിരായ വിജിലൻസ് കേസ്: "വിഷയത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണം, വേലി തന്നെ വിളവ് തിന്നുന്നു": സണ്ണി ജോസഫ്

രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഏജൻസിയാണ് ഇഡിയെന്ന് സണ്ണി ജോസഫ് ആരോപിച്ചു
ഇഡി ഉദ്യോഗസ്ഥനെതിരായ വിജിലൻസ് കേസ്: "വിഷയത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണം, വേലി തന്നെ വിളവ് തിന്നുന്നു": സണ്ണി ജോസഫ്
Published on

എൻഫോഴ്സെമൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഏജൻസിയാണ് ഇഡിയെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ലഭിച്ച സ്വാതന്ത്ര്യം ഇഡി ദുരുപയോഗം ചെയ്യുകയാണ്. വേലി തന്നെ വിളവ് തിന്നുകയാണെന്നും ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണിപ്പോഴെന്നും സണ്ണി ജോസഫ് പറഞ്ഞു.


ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ അനീഷ് ബാബു രംഗത്തെത്തിയതിന് പിന്നാലെയാണ് സണ്ണി ജോസഫിൻ്റെ പ്രസ്താവന. അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ കൂടാതെ കേസ് സെറ്റിൽ ചെയ്യാൻ മറ്റു വഴി കാണണം എന്ന് ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാർ പറഞ്ഞെന്നായിരുന്നു പരാതിക്കാരൻ്റെ വെളിപ്പെടുത്തൽ. കേസിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം തുടങ്ങി. അന്വേഷണത്തിന് വിജിലൻസും പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഇഡി രജിസ്റ്റർ ചെയ്ത കേസ് ഒതുക്കിതീർക്കണമെന്ന് ആവശ്യപ്പെട്ട് ചോദ്യം ചെയ്യലിനിടെ അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നുമാണ് കേസിലെ പരാതിക്കാരൻ അനീഷ് ബാബു പറയുന്നത്. മലയാളി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തി. ഇഡി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ കോഴ വാങ്ങിയതെന്നും അനീഷ് പറഞ്ഞു. ഏജന്റ്മാർക്ക് മാത്രം അറിയാവുന്ന തന്റെ നമ്പറിലേക്ക് ഇഡി ഉദ്യോഗസ്ഥർ വിളിച്ചു. സമാന അനുഭവമുള്ള പലരെയും തനിക്കറിയാമെന്നും ഈ തെളിവുകളെല്ലാം വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com