
കവളങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗവും ഡിസിസി ഭാരവാഹിയുമായ സൗമ്യ ശശിയുടെ ലൈംഗികാധിക്ഷേപ പരാതിയിൽ നടപടിയുമായി കെപിസിസി. കോൺഗ്രസ് നേതാക്കൾ ലൈംഗീകാധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് നടപടി. കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ, ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ എബി എബ്രഹാം എന്നിവരെ ചുമതലകളിൽ നിന്ന് നീക്കാൻ കെപിസിസി പ്രസിഡൻ്റ് നിർദേശം നൽകി.
നേരത്തെ ഡിസിസിക്ക് പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സൗമ്യ ശശി കെപിസിസിക്ക് പരാതി നൽകിയിരുന്നു. കെപിസിസി നിയോഗിച്ച രണ്ടംഗ കമ്മീഷൻ സൗമ്യ ശശി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്നുള്ള മെമ്പറാണ് സൗമ്യ ശശി. ചില നേതാക്കൾ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് ഇവർ പരാതി നൽകിയത്. തുടർന്ന് പരാതി അന്വേഷിക്കാനായി കെപിസിസി ഭാരവാഹികളായ അഡ്വ. പിഎം. നിയാസ്, പ്രൊഫ. കെ.എ. തുളസി എന്നിവരെ പാർട്ടി ചുമതലപ്പെടുത്തി. ഇവർ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടതായി കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന് അയച്ച കത്തിൽ പറയുന്നുണ്ട്.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സൈജൻ്റ് ചാക്കോ ലൈംഗിക ആവശ്യമുന്നയിച്ച് പലതവണ സൗമ്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്നും സമൂഹത്തിൽ അപഖ്യാതി പറഞ്ഞ് പരത്തിയെന്നുമാണ് പരാതി. ഇതിന് പുറമെ മുൻ ബ്ലോക്ക് പ്രസിഡണ്ട് കൂടിയായ എബി എബ്രഹാം ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും പിന്നീട് കൂട്ടം ചേർന്ന് തന്നെ ആക്രമിക്കുകയും ചെയ്തതായി സൗമ്യ ശശി തന്റെ പരാതിയിൽ പറയുന്നുണ്ട്.