കെ.ആര്‍. നാരായണനെന്ന വിശ്വപൗരന്‍; ഓര്‍മകള്‍ക്ക് 19 വയസ്

സ്വതന്ത്രത്തിന്‍റെ 50ാം വർഷത്തിലും ദളിതരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് സാമൂഹിക നീതി സ്വപ്നമായി അവശേഷിക്കുന്നുവെന്ന് ഇന്ത്യന്‍ റിപബ്ലിക്കിന്‍റെ സുവർണ്ണജൂബിലിയാഘോഷത്തില്‍ പറഞ്ഞ രാഷ്ട്രപതിയാണ് കെ.ആർ. നാരായണന്‍
കെ.ആര്‍. നാരായണനെന്ന വിശ്വപൗരന്‍; ഓര്‍മകള്‍ക്ക് 19 വയസ്
Published on

ഇന്ത്യയുടെ രാഷ്ട്രപതിപദം അലങ്കരിച്ച ഏക മലയാളി ഡോ. കെ.ആർ. നാരായണന്‍റെ 19ാം ചരമവാർഷികമാണ് ഇന്ന്. ഉഴവൂരിലെ ദളിത് കുടുംബത്തില്‍ നിന്ന് ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതിയെന്ന ചരിത്രത്തിലേക്ക് അദ്ദേഹം കടന്നുപോയത് അസാധാരണ പ്രതിസന്ധികളിലൂടെയാണ്.

അധികാരത്തിലുള്ളവർ പറയുന്നിടത്ത് ഒപ്പിട്ടുകൊടുക്കുന്ന റബ്ബര്‍ സ്റ്റാമ്പല്ല രാഷ്ട്രപതിയെന്ന് തെളിയിച്ച രാഷ്ട്രപതി, ജനാവകാശങ്ങളുടെ സംരക്ഷണത്തിന് പ്രഥമ പൗരന്‍റെ ധർമ്മിക അധികാരത്തെ പ്രയോഗിച്ച, ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിച്ച്- സ്വാതന്ത്രത്തിന്‍റെ സുവർണ്ണകാലത്തില്‍ ഇന്ത്യയുടെ യശസ്സുയർത്തിയ ജനകീയനായ രാഷ്ട്രപതി, കെ.ആർ. നാരായണന് വിശേഷണങ്ങളേറെയാണ്.

ഇന്ത്യകണ്ട മികച്ച നയതന്ത്രജ്ഞനെന്ന് നെഹ്റു വിശേഷിപ്പിച്ച കെ.ആർ. നാരായണന്‍, ഇന്ദിരാഗാന്ധിയുടെ അഭ്യർത്ഥന പ്രകാരമാണ് ഉദ്യോഗസ്ഥ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരുന്നത്. 1984 , 1989, 1991 വർഷങ്ങളിൽ ഇടതുപക്ഷ കോട്ടയായിരുന്ന ഒറ്റപ്പാലത്ത് കോൺഗ്രസ് ടിക്കറ്റിൽ മുണ്ടുടുത്തും മുറുക്കിയുടുത്തുമായിരുന്നു ജയം. രാജീവ്ഗാന്ധി സർക്കാരിൽ വിവിധ വകുപ്പുകളുടെ ചുമതലയും വഹിച്ചു.


1992-ൽ ഉപരാഷ്ട്രപതിയായി. 1997 മുതല്‍ 2002 വരെ ഇന്ത്യയുടെ പത്താമത്, രാഷ്ട്രപതിയായി. കാർഗിൽ യുദ്ധസമയത്തും പൊക്രാനിൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടന്ന സമയത്തും അദ്ദേഹമായിരുന്നു രാഷ്ട്രപതി. വാജ്പേയിയുടെ ഇടക്കാല മന്ത്രിസഭ ഭരിച്ചിരുന്ന കാർഗില്‍ കാലത്ത് സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകള്‍ നേരിട്ട് നയിച്ച് സർവ്വസൈന്യാധിപനായി കെ.ആര്‍. നാരായണന്‍. ജനാധിപത്യത്തിൻ്റെ പ്രധാന നേട്ടം രാഷ്ട്രീയ പ്രക്രിയയിലെ സ്ത്രീകളുടെ പങ്കാളിത്തമാണെന്ന് വാദിച്ച്, വനിതാ സംവരണ ബില്ലിനെയും അദ്ദേഹം പിന്തുണച്ചു.

സ്വതന്ത്രത്തിന്‍റെ 50ാം വർഷത്തിലും ദളിതരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് സാമൂഹിക നീതി സ്വപ്നമായി അവശേഷിക്കുന്നുവെന്ന് ഇന്ത്യന്‍ റിപബ്ലിക്കിന്‍റെ സുവർണ്ണജൂബിലിയാഘോഷത്തില്‍ പറഞ്ഞ രാഷ്ട്രപതിയാണ് കെ.ആർ. നാരായണന്‍. നിഷ്പക്ഷതയെന്നാൽ അഭിപ്രായം പറയാതിരിക്കലല്ല, എന്നായിരുന്നു അദ്ദേഹത്തിന്‍റെ നയം. ഭരണഘടന പുനഃപരിശോധിക്കാനുള്ള വാജ്‌പേയി സർക്കാരിന്‍റെ നീക്കത്തോട്, "ഭരണഘടന നമ്മെയാണോ, അതോ നമ്മള്‍ ഭരണഘടനയെയാണോ പരാജയപ്പെടുത്തിയത് എന്ന് പരിശോധിക്കാം" എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.


2002-ൽ ഗുജറാത്ത് കലാപബാധിതരുമായി കൂടിക്കാഴ്ച നടത്തുകയും, കലാപം തടയുന്നതില്‍ സർക്കാരിന്‍റെ പരാജയം തുറന്നുപറയുകയും ചെയ്തു കെ.ആർ. നാരായണൻ. ഗാന്ധി വധത്തിനുശേഷം, ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തമെന്ന് ബാബറി മസ്ജിദ് തകർത്തതിനെ വിശേഷിപ്പിച്ചു. അങ്ങനെ, ഭൂരിപക്ഷ രാഷ്ട്രീയത്തെ അപലപിക്കുകയും, മതനിരപേക്ഷതയെ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഇന്ത്യയെന്ന മതേതര രാജ്യത്തിന്‍റെ ഭരണഘടനാപദവിയിലിരിക്കുന്നവരുടെ ചുമതലയാണെന്ന ഓർമ്മപ്പെടുത്തല്‍ കൂടിയായിരിക്കും എക്കാലത്തും കെ.ആർ. നാരായണനെന്ന വിശ്വപൗരന്‍റെ ചരമദിനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com