കൃഷ്ണ ജന്മഭൂമി തർക്കം; ഈദ്ഗാഹ് മസ്‌ജിദിൻ്റെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

തർക്കവുമായി ബന്ധപ്പെട്ട 18 കേസുകളുടെ വിചാരണ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്
കൃഷ്ണ ജന്മഭൂമി തർക്കം; ഈദ്ഗാഹ് മസ്‌ജിദിൻ്റെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി
Published on

ഉത്തർപ്രദേശിലെ മഥുര-കൃഷ്ണ ജന്മഭൂമി വിഷയത്തിൽ ഷാഹി ഈദ്ഗാ മസ്ജിദ് നൽകിയ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തർക്കവുമായി ബന്ധപ്പെട്ട 18 കേസുകളുടെ വിചാരണ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് മായങ്ക് കുമാർ ജെയ്‌നിൻ്റെ ബെഞ്ച് ഹിന്ദു വിഭാഗം നൽകിയ 18 കേസുകളും അംഗീകരിച്ചു. കേസിൽ ഓഗസ്റ്റ് 12ന് കോടതി തുടർവാദം കേൾക്കും.

ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള 13.37 ഏക്കർ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുന്ന ഹർജികളുൾപ്പെടെ നീക്കം ചെയ്യണമെന്നായിരുന്നു ഷാഹി ഈദ്ഗാ മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. 1991ലെ ആരാധനാലയ നിയമം, 1963ലെ പ്രത്യേകാശ്വാസ നിയമം എന്നിവ പ്രകാരം ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസുകൾ വിലക്കണമെന്ന ഷാഹി മസ്ജിദ് ഈദ്ഗാഹ് കമ്മിറ്റി- മാനേജ്‌മെൻ്റ് ട്രസ്റ്റിൻ്റെ പ്രാഥമിക വാദവും കോടതി തള്ളി.

കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാ മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കേസുകൾ ഇതിനോടകം ഫയൽ ചെയ്തിട്ടുണ്ട്. ക്ഷേത്രം തകർത്തതിന് ശേഷമാണ് ഔറംഗസീബ് കാലഘട്ടത്തിലെ മസ്ജിദ് നിർമ്മിച്ചതെന്നാണ് ഹർജിക്കാരുടെ പക്ഷം.

മസ്ജിദിലെ ചില താമര കൊത്തുപണികളും ഹിന്ദു പുരാണങ്ങളിലെ സർപ്പദേവതയുമായി സാമ്യതയുള്ള രൂപങ്ങളും ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിർമ്മിച്ചത് എന്നതിൻ്റെ തെളിവാണെന്നും ഹർജിക്കാർ അവകാശപ്പെടുന്നു. ഷാഹി ഈദ്ഗാഹിൻ്റെ പേരിലുള്ള സർക്കാർ രേഖകളിൽ ഒരു വസ്തുവും ഇല്ലെന്നും കൈവശമുള്ളവ അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും എതിർകക്ഷികൾ വാദിച്ചിരുന്നു.

1968-ൽ രണ്ട് ആരാധനാലയങ്ങളും ഒരേസമയം പ്രവർത്തിക്കാൻ അനുവദിച്ചുകൊണ്ട് ക്ഷേത്ര മാനേജ്‌മെൻ്റ് അതോറിറ്റിയായ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റും തമ്മിൽ ഒരു ഒത്തുതീർപ്പ് കരാർ ഉണ്ടാക്കി. എന്നാൽ കൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട് കോടതികളിൽ വിവിധ തരത്തിലുള്ള ഹർജികൾ ഉയരുന്ന ഈ സാഹചര്യത്തിൽ ഈ കരാറിൻ്റെ സാധുതയെ കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com