
അഞ്ച് LED ബൾബുകൾ പ്രവർത്തിക്കുന്ന വീടിന് പതിനേഴായിരം രൂപയുടെ വൈദ്യുതി ബിൽ നൽകി കെഎസ്ഇബി. കൊല്ലം ഏരൂർ പഞ്ചായത്തിലെ പൊൻവയലിൽ വാർഡിൽ അമ്പിളിയെന്ന 52കാരിക്കാണ് കെഎസ്ഇബി 17,434 രൂപയുടെ വൈദ്യുതി ബിൽ നൽകിയിരിക്കുന്നത്. കെഎസ്ഇബി ഷോക്കടിപ്പിക്കുന്ന ബിൽ നൽകിയ അമ്പിളി കൂലിപ്പണിക്കാരിയാണ്.
ആയിരം രൂപ മാത്രം ബിൽ വന്നിരുന്ന അമ്പിളി ഈ വലിയ ബിൽ തുക കണ്ട് ഞെട്ടിയിരിക്കുകയാണ്. അഞ്ച് LED ബൾബും, ഒരു ഫാനും, ഫ്രിഡ്ജും മാത്രമാണ് അമ്പിളിക്കുള്ളത്. ഇതിൽ LED ബൾബ് മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ട് അപകടങ്ങളിലായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അവർ സമീപ പ്രദേശങ്ങളിലെ വീടുകളിൽ അടുക്കളപ്പണി ചെയ്താണ് ജീവിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തിലായിരുന്നു അമ്പിളി വീട് നിർമ്മിച്ചത്.
സംഭവം നാട്ടിലെ ജനപ്രതിനിതികളുടെ നേതൃത്വത്തിൽ കെഎസ്ഇബിയെ അറിയിച്ചു. വീട്ടിലെ വയറിംങ് ഉൾപ്പെടെ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് അമ്പിളിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കെഎസ്ഇബിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അതിന് പരിഹാരം കാണാമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.