
കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ജീവനക്കാര്‍ക്കെതിരെ പ്രതി അജ്മലിന്റെ മാതാവ് പരാതി നല്‍കി. വീട്ടിലേക്കെത്തിയ കെഎസ്ഇബി ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് അജ്മലിന്റെ മതാവ് പരാതി നല്‍കിയത്.
ഇതിനിടെ, കെഎസ്ഇബി ഓഫീസിലെ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ അജ്മലിന്റെ പിതാവ് വീട്ടില്‍ തിരിച്ചെത്തി. വൈദ്യുതി പുനസ്ഥാപിക്കാതെ വീട്ടിലേക്ക് കയറില്ലെന്ന് അറിയിച്ച അദ്ദേഹം, വീടിനു പുറത്ത് കട്ടിലില്‍ കിടക്കുകയാണ്. അതിക്രമം ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കിയാല്‍ ജീവനക്കാര്‍ എത്തി വൈദ്യുതിബന്ധം പുനസ്ഥാപിക്കാമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. ഇതിനായി എത്തിയ ലൈന്‍മാനെ യൂത്ത് കോണ്‍ഗ്രസ് നേതാവായ അജ്മലും സഹോദരനും ചേര്‍ന്ന് ആക്രമിച്ചിരുന്നു.
ഇതിനു പിന്നാലെ, സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ദേഹത്ത് ഭക്ഷണാവശിഷ്ടങ്ങളടങ്ങുന്ന മലിന ജലം ഒഴിക്കുകയും, സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം.