
തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കുടുംബത്തിൻ്റെ പ്രതിഷേധത്തിൽ മുട്ടുമടക്കി കെഎസ്ഇബി. മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കെഎസ്ഇബി ഓഫീസ് ആക്രമണ കേസിലെ പ്രതിയായ അജ്മലിൻ്റെ മാതാവിൻ്റെ പരാതിയിൽ കെഎസ്ഇബി ലൈൻമാൻ പ്രശാന്ത്, അനന്ദു എന്നിവർക്കെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. അന്യയമായി തടഞ്ഞുവെക്കൽ, മനഃപൂർവം പരിക്കേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
നാടകീയമായ സംഭവങ്ങൾക്കൊടുവിലാണ് നീണ്ടുനിന്ന പ്രതിഷേധത്തിന് വിരാമമായത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയ കുടുംബത്തിൻ്റെ ആവശ്യം കെഎസ്ഇബിക്ക് ഗത്യന്തരമില്ലാതെ അംഗീകരിക്കേണ്ടതായി വന്നു. ഉപാധികൾ ഇല്ലാതെ തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന കളക്ടറുടെ തീരുമാനം തഹസിൽദാർ കെ ഹരീഷ് റസാഖിനെ അറിയിച്ചിരുന്നു. തുടർന്നാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കെഎസ്ഇബി തയാറായത്.
ജീവനക്കാർക്ക് സുരക്ഷ ഒരുക്കുമെന്ന കുടുംബത്തിന്‍റെ ഉറപ്പിന്മേലാണ് കെഎസ്ഇബി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. എന്നാൽ കുടുംബത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കെഎസ്ഇബി അറിയിച്ചു.