
കൊല്ലം പുനലൂരിൽ കെ.എസ്.ആർ.ടി.സി. ബസ് മോഷ്ടിച്ച് കടത്താൻ ശ്രമം. ഡിപ്പോയ്ക്ക് സമീപം രാത്രി നിർത്തിയിട്ടിരുന്ന ബസാണ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവത്തിൽ തെന്മല ഒറ്റക്കൽ സ്വദേശി ബിനീഷ് പിടിയിലായി.
മോഷ്ടിച്ച ശേഷം കൊല്ലം തിരുമംഗലം ദേശീയപാതയിലൂടെ കെ.എസ്.ആർ.ടിസി ബസ് ഓടിച്ച് പോയ ബിനീഷിന് ഹെഡ് ലൈറ്റുകൾ തെളിയിക്കാൻ അറിയില്ലായിരുന്നു. ലൈറ്റ് ഇല്ലാതെ വരുന്ന ബസ് കണ്ട് സംശയം തോന്നിയ പോലീസ്, വാഹനത്തെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. ബസ് നിർത്തിയ ഉടൻ കടന്നുകളയാൻ ശ്രമിച്ച ബിനീഷിനെ ഓടിച്ചിട്ടാണ് പോലീസ് പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ബസ് പുനലൂർ ഡിപ്പോയിൽ നിന്ന് കടത്തിക്കൊണ്ട് വന്നതാണെന്ന് മനസിലായത്.
പ്രതിയെയും ബസും പുനലൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സി. അധികൃതർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ മോഷണക്കുറ്റം ചുമത്തി. ദിവസവും പുലർച്ചെ കോക്കാട് വഴി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സർവീസ് നടത്തുന്ന വേണാട് ബസാണ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. ഡിപ്പോയിലെ സ്ഥലപരിമിതി മൂലം പല ബസ്സുകളും റോഡിലാണ് നിർത്തിയിടാറുള്ളത്. ഇതാണ് മോഷ്ടാവിന് സൗകര്യമായത്.