
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുന്ന മാസവിഹിതം ഇൻഷുറൻസ് കമ്പനിയിൽ അടയ്ക്കാതെ കെഎസ്ആർടിസി. വിവരാവകാശ രേഖ പ്രകാരം രണ്ടുവർഷത്തിനിടെ ജീവനക്കാരിൽ നിന്ന് പിടിച്ച 53 കോടി രൂപയിൽ 5 കോടി മാത്രമാണ് ഇൻഷുറൻസിനായി നൽകിയിട്ടുള്ളതെന്നാണ് കണക്കുകൾ പറയുന്നത്. ഇൻഷുറൻസ് പ്രീമിയം മുടങ്ങുന്നതിൽ ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന ഇൻഷുറൻസ് വകുപ്പിൻ്റെ രണ്ട് തരം ലൈഫ് ഇൻഷുറൻസ് സ്കീമുകളാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഉള്ളത്. മാസ ശമ്പളത്തിൽ നിന്നും പിടിക്കുന്ന പ്രീമിയം തുക കെഎസ്ആർടിസി ഇൻഷുറൻസ് കമ്പനിയിൽ അടക്കുന്നില്ലെന്നാണ് കണ്ടെത്തിയത്.
2022 ജനുവരി മുതൽ 2024 ഫെബ്രുവരി വരെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ഇൻഷുറൻസ് പ്രീമിയം തുകയായി 53.38 കോടി രൂപ പിടിച്ചു. എന്നാൽ ഇൻഷുറൻസ് കമ്പനിയിൽ അടച്ചത് 5 കോടി 38 ലക്ഷം മാത്രം. കെഎസ്ആർടിസിയിലെ ഒരു ജീവനക്കാരൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് മാനേജ്മെൻ്റ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇൻഷുറൻസ് പ്രീമിയം മുടങ്ങിയത് കാരണം സർവീസിൽ ഇരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് നേരത്തെ സഹായം മുടങ്ങിയിരുന്നു. അതിനാൽ ഇതുമായി ബന്ധപ്പെട്ട വിശദമായ ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ രംഗത്തെത്തി.