
ഫേസ്ബുക്കിൽ സിപിഎമ്മിനെരായ നരഭോജി പരാമർശം പിൻവലിച്ച സംഭവത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ പോസ്റ്റർ പതിച്ച് കെഎസ് യു പ്രവർത്തകർ. തിരുവനന്തപുരത്തെ ശശി തരൂരിന്റെ ഓഫീസിനു മുന്നിലാണ് കെഎസ്‌യു പ്രവർത്തകർ പോസ്റ്റർ പതിച്ചത്. "നരഭോജികൾ നരഭോജികൾ തന്നെയാണ്, ആര് അല്ലെന്ന് എത്ര തവണ പറഞ്ഞാലും " എന്നാണ് പോസ്റ്ററിലുള്ളത്. ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ സഹോദരങ്ങൾ എന്നും കെഎസ്‌യുവിൻ്റെ പോസ്റ്ററിൽ കുറിച്ചിരുന്നു.
ലേഖന വിവാദത്തിന് പിന്നാലെയാണ് ശശി തരൂർ പുതിയ എഫ്ബി പോസ്റ്റ് പങ്കുവെക്കുന്നത്. കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനും അനുസ്മരിച്ചായിരുന്നു ശശി തരൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പെരിയ കേസിൽ സിപിഎമ്മിന് എതിരായ കെപിസിസിയുടെ നരഭോജി പോസ്റ്റ് മുക്കികൊണ്ടാണ് തരൂർ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ ശരത് ലാലിനും കൃപേഷിനും പ്രണാമം എന്ന് മാത്രമാണ് കുറിച്ചിരിക്കുന്നത്.
ഇടതുസർക്കാരിനെ പുകഴ്ത്തി ലേഖനമെഴുതിയ ശശി തരൂരിനെതിരെ കോൺഗ്രസ് നേതാക്കളൊന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയ പോസ്റ്റ്. 'സി.പി.എം. നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍' എന്ന കെപിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയും പിന്നാലെ പിൻവലിക്കുകയുമായിരുന്നു തരൂർ. ഈ പോസ്റ്റിന് താഴെയും ധാരാളം കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽ നിന്ന് തരൂരിന് എതിരായ കമൻ്റുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
'ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്' ഇതായിരുന്നു പുതിയ പോസ്റ്റ്. ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനമായിരുന്നു ഇന്ന്. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.