സംസ്ഥാന പ്രസിഡന്‍റിന്‍റെ ക്യാംപസ് ജാഗരൻ യാത്രയിൽ സഹകരിച്ചില്ല; നാല് ജില്ലകളിലെ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്ത് KSU

ജാഥ കടന്നു പോയ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികൾക്ക് എതിരെയാണ് നടപടി
സംസ്ഥാന പ്രസിഡന്‍റിന്‍റെ ക്യാംപസ് ജാഗരൻ യാത്രയിൽ സഹകരിച്ചില്ല; നാല് ജില്ലകളിലെ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്ത് KSU
Published on

സംസ്ഥാന പ്രസിഡന്റ് നേതൃത്വം കൊടുക്കുന്ന ക്യാംപസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്തവർക്ക് എതിരെ നടപടിയുമായി കെഎസ്‌യു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലാണ് യാത്ര. ജാഥ കടന്നു പോയ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികൾക്ക് എതിരെയാണ് നടപടി. ഇവരെ സംസ്ഥാന പ്രസിഡൻ്റിൻ്റെ നിർദേശ പ്രകാരം ജില്ലകളുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ സസ്പെൻഡ് ചെയ്തു.


'രാസ ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പ്രചരണ യാത്ര സംഘടിപ്പിക്കുന്നത്. ക്യംപസ് ജാഗരൻ യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ ജാഥ പാലക്കാട് പിന്നിട്ടപ്പോഴാണ് യാത്രയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തതും സജീവമല്ലാത്തതുമായ കാസർഗോഡ്, കണ്ണൂർ, വയനാട്,കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ജില്ലാ വൈസ് പ്രസിഡൻ്റുമാർ, ജന:സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, നിയോജക മണ്ഡലം പ്രസിഡൻ്റുമാർ എന്നിവർ നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. കാസർഗോഡ് 24 , കണ്ണൂരിൽ 17 ,വയനാട് 26 , കോഴിക്കോട് 20 ഭാരവാഹികളെയാണ് മിന്നൽ വേഗത്തിൽ സസ്പെൻഡ് ചെയ്തത്.

കെഎസ്‌യുവിൻ്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായുള്ള സംഘടനാ നടപടി പാർട്ടിക്കുള്ളിലും വലിയ ചർച്ചയായി മാറുകയാണ്. യാത്ര സമാപിക്കുന്ന മാർച്ച് 19ന് മതിയായ കാരണങ്ങൾ ബോധിപ്പിക്കുന്ന ഭാരവാഹികളെ തിരിച്ചെടുക്കാനും, മറ്റുള്ളവരെ സംഘടനാ പദവികളിൽ നിന്ന് നീക്കം ചെയ്യാനുമാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് വലിയ പ്രാധാന്യമാണ് സംഘടന നൽകുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com