
നിയമസഭ കയ്യാങ്കളി സമയത്ത് സ്പീക്കറുടെ കസേരയെടുത്ത് മറിച്ചിട്ടത് തെറ്റായിപ്പോയെന്ന് മുന്‍ എംഎല്‍എ കെ.ടി ജലീല്‍. ഫെയ്‌സ്ബുക്ക് കമന്റിലാണ് മുന്‍ എംഎല്‍എയുടെ കുറ്റസമ്മതം. വികാരത്തള്ളിച്ചയില്‍ ചെയ്തു പോയതാണെന്നും കമന്റില്‍ ജലീല്‍ പറയുന്നു.
ബാര്‍ കോഴ വിവാദം കത്തി നിന്ന കാലത്താണ് നിയമസഭ കയ്യാങ്കളി അരങ്ങേറിയത്. നിയമസഭയില്‍ കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് രംഗത്തിറങ്ങുകയായിരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഉന്തും തള്ളും തുടര്‍ന്ന് സ്പീക്കറുടെ കസേര നശിപ്പിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ക്ക് കേരളം സാക്ഷിയായി.
'ഇ.പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയര്‍ വലിച്ചിട്ടത് ശരിയായില്ല. താങ്കള്‍ അസംബ്ലിയില്‍ പോയില്ലായിരുന്നെങ്കില്‍ പിഎസ്എംഒ കോളേജില്‍ പ്രിന്‍സിപ്പല്‍ ആകേണ്ടിയിരുന്ന ആളായിരുന്നു. കോളേജില്‍ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായാലും താങ്കള്‍ വരുമ്പോള്‍ വിദ്യാര്‍ഥികള്‍ ചെയര്‍ വലിച്ചെറിഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ നിലാപാട്?' എന്നായിരുന്നു കമന്റിലെ ചോദ്യം.
ആ കസേരയില്‍ താന്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ, വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴ- എന്നായിരുന്നു ജലീലിന്റെ മറുപടി.
കെ.ടി ജലീലിന്റെ കുറ്റസമ്മതത്തിനു പിന്നാലെ പ്രതികരണവുമായി വി.ടി ബല്‍റാമും രംഗത്തെത്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് സ്വയം റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്ന് ബല്‍റാം പരിഹസിച്ചു.
ശിവന്‍കുട്ടിയില്‍ നിന്നും ജയരാജനില്‍ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാന്‍ തയ്യാറാവുമോ എന്നാണ് അറിയേണ്ടതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി.ടി ബല്‍റാം പറയുന്നു.