
വിവാദക്കുരുക്കഴിയും മുൻപേ പുതിയ വിവാദത്തിൽ തെലങ്കാന മന്ത്രി കൊണ്ട സുരേഖ. മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ നിശബ്ദനാക്കിയതിന് പിന്നിൽ ഭാരത് രാഷ്ട്ര സമിതി പാർട്ടി നേതാവായ മകൻ കെ.ടി. രാമറാവു ആണെന്നാണ് കൊണ്ട സുരേഖയുടെ പുതിയ ആരോപണം. കെസിആറിനെ കാണാനില്ലെന്നും മിസ്സിങ് കേസ് ഫയൽ ചെയ്യണമെന്നും സുരേഖ പറഞ്ഞു. മുൻ മുഖ്യമന്ത്രിയായ ചന്ദ്രശേഖർ റാവുവിൻ്റെ മണ്ഡലമായ ഗജ്വേലിൽ പൊതു പരിപാടിക്കിടെയാണ് കൊണ്ട സുരേഖയുടെ വിവാദ പരാമർശം.
എന്നാൽ, കൊണ്ട സുരേഖയുടെ വിവാദ പരാമർശത്തിന് പിന്നാലെ ഭാര്യ ശോഭയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്ന കെസിആറിന്റെ ചിത്രങ്ങൾ കുടുംബം പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം സാമന്ത - നാഗചൈതന്യ വിവാഹമോചനത്തിന് പിന്നില്‍ കെ.ടി. രാമറാവു ആണെന്ന സുരേഖയുടെ പരാമർശം വൻ വിവാദമായിരുന്നു. മന്ത്രിയുടെ പരാമർശത്തിനെതിരെ സമാന്തയും നാഗചൈതന്യയും ശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ പരാമർശത്തിൽ തെലങ്കാന മന്ത്രി മാപ്പ് പറയുകയായിരുന്നു. നടിമാര്‍ സിനിമാ മേഖല വിട്ടുപോകുന്നതിന് പിന്നില്‍ കെ.ടി. രാമറാവു ആണെന്നും കൊണ്ട സുരേഖ ആരോപിച്ചിരുന്നു. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു കൊണ്ട സുരേഖ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. കെ.ടി. രാമറാവുവിൻ്റെ സ്ത്രീകളെ ഇകഴ്ത്തുന്ന പ്രകൃതത്തെ ചോദ്യം ചെയ്യുക മാത്രമായിരുന്നു തൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.