
കേരള സാങ്കേതിക സർവകലാശാലയിലെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന പരാതിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ കെ. ശിവപ്രസാദ്. ഓഡിറ്റ് റിപ്പോർട്ട് കിട്ടിയതിനുശേഷം നടപടി സ്വീകരിക്കുമെന്ന് കെ. ശിവപ്രസാദ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ക്രമക്കേട് സംബന്ധിച്ച് മുൻ വിസിക്ക് റിപ്പോർട്ട് ലഭിച്ചിരുന്നോ എന്ന് അറിയില്ലെന്നും കെ. ശിവപ്രസാദ് പറഞ്ഞു.
പരീക്ഷ നടത്തിപ്പിനുള്ള ഇ-ഗവർണനൻസ് കരാർ, താത്കാലിക ജീവനക്കാരുടെ നിയമനം, സിൻഡിക്കേറ്റ് അംഗങ്ങൾ യൂണിവേഴ്സിറ്റി വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നു തുടങ്ങിയവയാണ് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രധാന ആരോപണങ്ങൾ. നിലവിലെ വി.സിയ്ക്ക് ഓഡിറ്റ് റിപ്പോർട്ട് നൽകാതെ പൂഴ്ത്തിയതായും ആക്ഷേപമുണ്ട്.
പരീക്ഷ നടത്തിപ്പിനുള്ള ഇ-ഗവേണൻസ് കരാറിൽ ഗുരുതര ക്രമക്കേട് ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്. എ.ജി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പരാതി.
സിൻഡിക്കേറ്റ് മെമ്പർ പി.കെ. ബിജു എകെജി സെൻ്ററിലേക്കും, സിഐടിയു ഓഫീസിലേക്കുമുള്ള യാത്രയാവശ്യത്തിന് യൂണിവേഴ്സിറ്റി വാഹനങ്ങൾ ദുരുപയോഗം ചെയ്തു. താത്കാലിക ജീവനക്കാരെ നിയമവിരുദ്ധമായി നേരിട്ട് നിയമിച്ചുവെന്നും പരാതിയിൽ പറയുന്നു.
മുൻ വിസി ഡോ. രാജശ്രീയും, പിവിസി ഡോ. അയ്യൂബും വീട്ട് വാടക ബത്തയിൽ നിയമവിരുദ്ധമായി 18 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. ഇടത് സംഘടനയുടെ പ്രസിഡൻ്റിന് നൽകിയ അധിക ശമ്പള കുടിശ്ശിക തിരിച്ചു പിടിച്ചില്ല. വിസിക്ക് നൽകാതെ ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.