"ആറ് പേരെ കസ്റ്റഡിയിലെടുത്തു"; കോന്നിയില്‍ ഷോക്കേറ്റ് ആന ചെരിഞ്ഞതില്‍ വനംവകുപ്പിന്‍റെ വാദം പൊളിയുന്നു

11 പേരെ നിയമം പാലിക്കാതെ കസ്റ്റഡിയിലെടുത്തുവെന്ന് ആരോപിച്ചാണ് ജനീഷ് കുമാർ എംഎല്‍എ സ്റ്റേഷനില്‍ രോഷപ്രകടനം നടത്തിയത്
"ആറ് പേരെ കസ്റ്റഡിയിലെടുത്തു"; കോന്നിയില്‍ ഷോക്കേറ്റ് ആന ചെരിഞ്ഞതില്‍ വനംവകുപ്പിന്‍റെ വാദം പൊളിയുന്നു
Published on
Updated on

പത്തനംതിട്ട കോന്നിയില്‍ തോട്ടത്തിലെ സൗരോർജ വേലിയിൽ നിന്നും ഷോക്കേറ്റ് ആന ചെരിഞ്ഞ സംഭവത്തിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന വനംവകുപ്പിന്റെ വാദം പൊളിയുന്നു. ആറുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നോട്ടീസ് നൽകാതെയാണ് ഈ ആറുപേരെയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.

11 പേരെ നിയമം പാലിക്കാതെ ഗുണ്ടകളെ പോലെ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്നുവെന്ന് ദൃശ്യത്തില്‍ ജനീഷ് കുമാർ എംഎല്‍എ പറയുന്നത് കാണാം. 11 പേരെയല്ല ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ഇതിന് റേഞ്ച് ഓഫീസർ നല്‍കുന്ന മറുപടി. സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നായിരുന്നു മുന്‍പ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ച നിലപാട്. 

വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആറുപേർ പൊലീസിൽ പരാതി നൽകി. നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് തടങ്കലിൽ പാർപ്പിച്ചുവെന്ന് കാട്ടിയാണ് പരാതി. പാടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എന്നാൽ, വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ച പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.



വനം വകുപ്പ് ഉദ്യോഗസ്ഥർ ‌നൽകിയ പരാതിയിൽ എംഎൽഎയ്‌ക്കെതിരെ ഇന്നലെ കൂടൽ പൊലീസ് കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു പരാതി. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരാണ് കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കാന്‍ എത്തിയപ്പോഴാണ് എംഎല്‍എ രോഷപ്രകടനം നടത്തിയത്.

അതേസമയം, പത്തനംതിട്ട കോന്നിയിൽ വനംവകുപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് സിപിഐഎം. വന്യജീവി ആക്രമണങ്ങൾക്കെതിരെയും കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിന് പിന്തുണ അർപ്പിച്ചും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com