
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തുന്നവർക്ക് മാനസിക പിന്തുണയും സഹായവും നൽകുന്നതിനായി കുടുംബശ്രീയുടെ എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. പാലക്കാട് ഡിവൈഎസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാനത്തെ ഓരോ ഡിവൈഎസ്പി ഓഫീസ് പരിധിയിലും ഒരു കുടുംബശ്രീ എക്സ്റ്റൻഷൻ സെന്ററുകളാണ് പ്രവർത്തിക്കുക. പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവരിൽ സഹായം ആവശ്യമുള്ളവർക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. ആഴ്ചയില്‍ രണ്ട് ദിവസമാണ് എക്സ്റ്റന്‍ഷന്‍ സെന്ററിൻ്റെ പ്രവര്‍ത്തനം. വനിതാ-ശിശു സൗഹൃദമായ കൗണ്‍സിലിങ് മുറി, ശുചിമുറി സൗകര്യം, കുടിവെള്ളം എന്നിവ സെന്ററില്‍ ഉണ്ടാകും. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും ഉണ്ടായിരിക്കും. കുടുംബശ്രീ സംവിധാനമോ, സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളില്‍ പുനരധിവാസം നല്‍കും. സെന്ററിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
സെന്ററിലെ കൗണ്‍സിലര്‍ക്കും, ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പിന്തുണ പൊലീസ് ഉറപ്പുവരുത്തണം. പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബ പ്രശ്നങ്ങള്‍, മാനസിക പിന്തുണ ആവശ്യമായ മറ്റ് കേസുകള്‍ എന്നിവ എക്സ്റ്റന്‍ഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്യണം. ഇത്തരം കേസുകള്‍ സ്റ്റേഷനിലെ പ്രത്യേകം രജിസ്റ്ററിലാവും രേഖപ്പെടുത്തുക.