
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നോക്കുകുത്തികളായെന്നും, കേരളത്തിൽ എല്ലാ കാര്യങ്ങളും സിപിഎം നിയന്ത്രിക്കുന്ന അവസ്ഥയാണെന്നും കുമ്മനം രാജശേഖരൻ. സത്യസന്ധമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. സർക്കാർ എന്തുകൊണ്ട് ഇതുവരെ നടപടി എടുത്തില്ലെന്നും സർക്കാരിൻ്റെ പ്രവർത്തനങ്ങൾ നിഷ്‌ക്രിയമാണ്. മുഖ്യമന്ത്രി നവീൻ്റെ വീട്ടിൽ എത്തേണ്ടതായിരുന്നുവെന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു.
സർക്കാർ ഓഫീസുകൾ അഴിമതി മുക്തമാകണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഈ കുടുംബത്തോടൊപ്പമാണെന്നും മെഡിക്കൽ കോളേജിൽ കൊണ്ടു പോയതിലും വീട്ടുകാർ എത്തുന്നതിനു മുൻപ് പോസ്റ്റ് മോർട്ടം നടത്തിയതിലും ദുരൂഹത ഉണ്ടെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
എഡിഎമ്മിൻ്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ പി.പി. ദിവ്യയെ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഈ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
14ാം തീയതി കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.