
പാലക്കാട്ടെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കാൻ ഇടപെട്ട് കുഞ്ഞാലിക്കുട്ടിയും, ഷാഫി പറമ്പിലും. ഇരുവരും അൻവറിനോട് അഭ്യർഥന നടത്തി. ആവശ്യം രാഹുൽ മാങ്കൂട്ടത്തിലും സ്വാഗതം ചെയ്തു. രണ്ട് പേരും പറയുന്നത് ഒരേ കാര്യമെന്നും, സ്ഥാനാർത്ഥിയെ പിൻവലിച്ചാൽ അത് യുഡിഎഫിന് ഗുണം മാത്രമേ ചെയ്യൂവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അൻവർ പറഞ്ഞാൽ പിന്മാറുമെന്ന് പാലക്കാട്ട ഡിഎംകെ സ്ഥാനാർഥി മിൻഹാജ് അറിയിച്ചു. അൻവർ പറഞ്ഞപ്പോൾ മത്സരിച്ചു, പിന്മാറാൻ പറഞ്ഞാൽ അതും ചെയ്യും. അതുവരെ പ്രചാരണം തുടരുമെന്നും മിൻഹാജ് അറിയിച്ചു.
ഡിഎംകെ സ്ഥാനാർഥികളെ പിൻവലിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അഭ്യർഥനയ്ക്ക് പിന്നാലെ, സ്ഥാനാർഥികളെ പിൻവലിക്കില്ലെന്ന് പി.വി. അൻവർ എംഎൽഎ അറിയിച്ചിരുന്നു. ചേലക്കരയിൽ നിന്ന് രമ്യ ഹരിദാസിനെ പിൻവലിച്ചാൽ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് പി. വി. അൻവർ ആവർത്തിച്ചു.
തന്റെ പാർട്ടിയുടെ പിന്തുണ ആവശ്യപ്പെട്ടതിൽ സന്തോഷമുണ്ട്. വിഷയത്തിൽ യുഡിഎഫുമായി ചർച്ചകൾ തുടരുകയാണ്. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും. പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച ചരിത്രം കോൺഗ്രസിനുണ്ട്. ചേലക്കരയിലെ സ്ഥാനാർഥിയെ യുഡിഎഫ് പോലും തള്ളിപ്പറഞ്ഞുവെന്നും പി.വി. അൻവർ പറഞ്ഞു. ആർഎസ്എസിനെ പോലെ പിണറായിസത്തെയും എതിർക്കണമെന്നും അൻവർ കൂട്ടിച്ചേർത്തു. അതേസമയം, ലീഗ് മധ്യസ്ഥത വഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പി.വി. അൻവർ മറുപടി ചിരിയിൽ ഒതുക്കി.
ALSO READ: ചേലക്കരയില്‍ പിന്തുണച്ചാല്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാം; യുഡിഎഫിന് മുന്നില്‍ അന്‍വറിൻ്റെ ഉപാധി