കുറുപ്പംപടി പീഡനം: അമ്മയുടെ ആൺസുഹൃത്ത് കുട്ടികളെ പീഡിപ്പിച്ചത് രണ്ട് വർഷത്തോളമെന്ന് കണ്ടെത്തൽ; കുറ്റപത്രം സമർപ്പിച്ചു

കുറുപ്പംപടി പീഡനം: അമ്മയുടെ ആൺസുഹൃത്ത് കുട്ടികളെ പീഡിപ്പിച്ചത് രണ്ട് വർഷത്തോളമെന്ന് കണ്ടെത്തൽ; കുറ്റപത്രം സമർപ്പിച്ചു

കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചർ അടക്കമുള്ളവരുടെ മൊഴികളുമാണ് കേസിൽ നി‍ർണായകം. കേസിൽ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്
Published on

എറണാകുളം പെരുമ്പാവൂർ കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളായാണ് സമർപ്പിച്ചത്. കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചർ അടക്കമുള്ളവരുടെ മൊഴികളുമാണ് കേസിൽ നി‍ർണായകം. കേസിൽ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.

പെൺകുട്ടികളുടെ അമ്മയുടെ ആൺസുഹൃത്ത് ധനേഷ് രണ്ട് വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. അമ്മയും ആൺസുഹൃത്തും ചേർന്ന് മദ്യം നൽകിയ ശേഷമായിരുന്നു പീഡനം. സുഹൃത്തായ ധനേഷ് കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം മനസിലായിട്ടും പൊലീസിനെ അമ്മ അറിയിക്കാതെ മറച്ച് വെച്ചതായും കണ്ടെത്തി. പീഡന വിവരം മറച്ചുവെച്ചതിന് അമ്മക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. പീഡന വിവരം മൂന്ന് മാസമായി പെണ്‍കുട്ടികളുടെ അമ്മയ്ക്ക് അറിയാമെന്നായിരുന്നു മുന്‍പ് ധനേഷ് നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ പ്രതി ചേർത്തത്. കേസിൽ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നാണ് റിപ്പോർട്ട്.

പ്രതി രണ്ട് വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ അമ്മയെ കാണാനെത്തുന്ന സമയങ്ങളിലാണ് ഇയാൾ ലൈംഗിക ചൂഷണം ചെയ്‌തത്. പെൺകുട്ടികളോട് അവരുടെ സുഹൃത്തുക്കളെ എത്തിച്ചു നൽകാൻ ഇയാൾ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തുടർന്ന് പെൺകുട്ടികളിലൊരാൾ തന്‍റെ സുഹൃത്തിന് ഇതുമായി ബന്ധപ്പെട്ടെഴുതിയ കത്താണ് കേസിൽ വഴിത്തിരിവായത്. കത്തിനെക്കുറിച്ച് ഇതേ ക്ലാസിലെ അധ്യാപികയുടെ മകൾ അമ്മയുടെ ശ്രദ്ധയിൽ പെടുത്തി. അധ്യാപിക നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com