
എറണാകുളം വടക്കൻ പറവൂരിലെ കുറുവ സംഘത്തിൻ്റെ മോഷണശ്രമവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി പൊലീസിൻ്റെ കസ്റ്റഡിയിലുള്ള മണികണ്ഠനെ എറണാകുളം റൂറൽ പൊലീസ് പ്രത്യേക സംഘം ചോദ്യം ചെയ്യും. സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. അതേ സമയം അറസ്റ്റിലായ കുറുവ സംഘ അംഗം സന്തോഷ് സെൽവത്തെയും കൂടുതൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. സന്തോഷ് സെൽവത്തോടൊപ്പം പിടിയിലായതാണ് മണികണ്ഠൻ. മോഷ്ടാവിന് മണികണ്ഠനുമായി സാദൃശ്യമുണ്ടെന്ന് കവർച്ചയ്ക്ക് ഇരയായ യുവതി പറഞ്ഞതായാണ് വിവരം. യുവതിയുടെയും കുഞ്ഞിൻ്റെയും ആഭരണങ്ങളാണ് കവർന്നത് മണികണ്ഠനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
കേരളത്തിൽ എത്തിയ കുറുവ സംഘത്തിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങൾ സന്തോഷിൽനിന്ന് ശേഖരിക്കാനാണ് കൂടുതൽ ചോദ്യം ചെയ്യുക.സന്തോഷിനായി ആലപ്പുഴ ജില്ലാ കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ആലപ്പുഴയിലെ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയത് സന്തോഷ് ആണെന്ന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സംഘ അംഗത്തെ പറ്റി പൊലീസ് വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
കേരളത്തിലെത്തിയ സംഘത്തിൽ പിടിയിലാകാനുള്ളത് 12 പേരാണ്. അതേ സമയം ഇന്നലെ രാത്രി ആലപ്പുഴ നഗരത്തിലുണ്ടായ മോഷണശ്രമവും പൊലിസ് പരിശോധിക്കുന്നു. പുന്നപ്ര വാടയ്ക്കൽ ഭാഗത്തെ 3 വീടുകളിൽ ശനിയാഴ്ച രാത്രി നടന്ന മോഷണ ശ്രമവും പൊലിസ് പരിശോധിച്ചുവരികയാണ്.
കുറുവാ സംഘത്തിന്‍റെ സാന്നിധ്യം എറണാകുളത്തും ആലപ്പുഴയിലും ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഭയത്തോടെയാണ് ജനങ്ങള്‍ രാത്രികള്‍ തള്ളിനീക്കുന്നത്.കഴിഞ്ഞ മാസം 28ന് മണ്ണഞ്ചേരിയിൽ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ഊർജിതമായ അന്വേഷണത്തിനൊടുവില്‍ കൊച്ചി കുണ്ടന്നൂരിൽ നിന്ന് രണ്ട് കുറുവാ സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു. സന്തോഷ് ശെൽവം, മണികണ്ഠൻ എന്നിവരാണ് പിടിയിലായത്. പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയ സന്തോഷ് ശെൽവത്തെ നാല് മണിക്കൂറിന് ശേഷമാണ് പൊലീസ് വീണ്ടും പിടികൂടിയത്.
12 മുതല്‍ 14 വരെ ആളുകളുള്ള സംഘമാണ് കേരളത്തില്‍ എത്തിയത് എന്നാണ് പൊലീസിന്‍റെ അനുമാനം. സന്തോഷ് സെല്‍വത്തിന്‍റെ പേരില്‍ 18 കേസുകളാണ് തമിഴ്നാട്ടില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശബരിമല സീസണുകളിലാണ് സംഘം പ്രധാനമായും കേരളത്തില്‍ എത്തുന്നത്. അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്ന സ്വാമിമാരുടെ മറവിലാണ് സംഘം എത്തുക. പകല്‍ കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത് പോലെയുള്ള തൊഴിലുകള്‍ ചെയ്യും. ഇങ്ങനെ കണ്ട് വയ്ക്കുന്ന, തകര്‍ക്കാന്‍ കഴിയുന്ന വീടുകളില്‍ രാത്രിയില്‍ കയറി മോഷണം നടത്തും.