
തൃശൂര്‍ കുട്ടനെല്ലൂര്‍ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ നടപടിയുമായി സിപിഎം. ബാങ്ക് പ്രവര്‍ത്തിക്കുന്ന മേഖലയിലെ ജില്ലാ കമ്മിറ്റി അംഗവും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വര്‍ഗീസ് കണ്ടംകുളത്തിയെ ആണ് സിപിഎം തരംതാഴ്ത്താന്‍ തീരുമാനിച്ചത്.
ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഏരിയ കമ്മിറ്റിയിലേക്കായിരിക്കും തരംതാഴ്ത്തുക. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. ബാങ്ക് പ്രവര്‍ത്തിക്കുന്ന ഒല്ലൂര്‍ ഏരിയയിലെ സെക്രട്ടറി ആയിരുന്ന കെ.പി. പോളിനെതിരെയും ക്രമക്കേട് നടന്ന കാലത്ത് ബാങ്കിന്റെ പ്രസിഡണ്ട് ആയിരുന്ന റിക്‌സന്‍ പ്രിന്‍സിനെതിരെയും സിപിഎം നടപടി എടുത്തു.
കെ.പി. പോളിനെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കി. റിക്‌സന്‍ പ്രിന്‍സിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും തൃശ്ശൂര്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ക്രമക്കേട് നടന്നകാലത്ത് ബാങ്ക് ഡയറക്ടര്‍മാരായിരുന്ന അഞ്ച് സിപിഎം നേതാക്കളെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായി.
കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ 32 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തല്‍. നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കെപി പോള്‍, റിക്‌സണ്‍ പ്രിന്‍സ് എന്നിവരോട് വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു.