
വേനൽ അവധിക്കാലമായതോടെ വീണ്ടും സജീവമായി പത്തനംതിട്ട അടവിയിലെ കുട്ടവഞ്ചി സവാരി. സ്കൂളുകൾ അടച്ചതോടെ കുടുംബസമേതമാണ് സഞ്ചാരികൾ ഇവിടേക്കെത്തുന്നത്. കുട്ടവഞ്ചി സവാരിക്കൊപ്പം കല്ലാറിന്റെ തീരത്തെ കാഴ്ചകളും ആസ്വദിച്ച് മനസു നിറഞ്ഞാണ് വിനോദസഞ്ചാരികളുടെ മടക്കം.
കല്ലാറിന്റെ ഓളപ്പരപ്പുകളിൽ കുട്ടവഞ്ചികൾ വീണ്ടും സജീവമാവുകയാണ്. കാടിന്റെ വന്യതയ്ക്ക് നടുവിൽ കുറച്ച് സമയം. മനസും ശരീരവും ഒരു പോലെ കുളിർപ്പിക്കും ഇവിടെയെത്തിയാൽ. നേരെ കുട്ടവഞ്ചിയിലേക്ക്. വെറുതെ വെള്ളത്തിൽ സമയം ചിലവിടുക മാത്രമല്ല. ചെറിയ സാഹസികതയും കൂടെയുണ്ട്. കല്ലാറിന്റെ തീരത്തെ കാഴ്ചകൾ സഞ്ചാരികൾക്ക് ഇരട്ടിമധുരമാണ്. വേഴാമ്പലും മലയണ്ണാനും കല്ലാറിലേക്ക് പൊഴിഞ്ഞുവീഴുന്ന പൂക്കളും ദൃശ്യഭംഗി കൂട്ടുന്നു. മനസ് നിറഞ്ഞാണ് സഞ്ചാരികൾ ഇവിടെ നിന്നും മടങ്ങുന്നത്.
നാല് പേർക്ക് സഞ്ചരിക്കാവുന്ന കുട്ടവഞ്ചി സവാരിക്ക് 600 രൂപയാണ് വനം വകുപ്പ് ഈടാക്കുന്നത്. ഭാഗ്യം ഉണ്ടെങ്കിൽ വഞ്ചി യാത്രക്കിടെ വന്യമൃഗങ്ങളെയും കാണാം. സ്വദേശികളും വിദേശികളുമായ നിരവധി ആളുകളാണ് അടവിയിലേക്ക് എത്തുന്നത്. ലോകത്ത് എവിടായാലും അവധി ദിനങ്ങൾ ആഘോഷിക്കാൻ നമ്മുടെ നാടാണ് ബെസ്റ്റെന്ന് ചിലർ. വരും ദിവസങ്ങളിലും വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിക്കാൻ തന്നെയാണ് സാധ്യത. കല്ലാറിന്റെ തീരങ്ങളിലും ഓളപ്പരപ്പുകളിലും സൗന്ദര്യം ഒളിപ്പിച്ച് അടവിയും മാടി വിളിക്കുകയാണ്.