
കുവൈത്തിലെ അൽ-മംഗഫ് കെട്ടിടത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യക്കാര്‍ക്കൊപ്പം ഒരു കുവൈത്ത് പൗരനും, നാല് ഈജിപ്തുകാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവരെ രണ്ടാഴ്ചത്തേയ്ക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടതായി അറബ് ടൈംസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 46 ഇന്ത്യക്കാർ ഉൾപ്പെടെ 50 പേരുടെ ജീവനെടുത്ത സംഭവത്തിലാണ് നടപടി. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പ്രതികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ജൂലൈ 12നാണ് അൽ-മംഗഫിലെ ആറ് നില കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. താഴത്തെ നിലയിലെ ഗാർഡ് റൂമിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് ദുരന്തത്തിനിടയാക്കിയത്. 196 കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കുവൈത്തിലെ പബ്ലിക് പ്രോസിക്യൂട്ടർ എക്‌സിലൂടെയാണ് അറിയിച്ചു.
അതേസമയം, അപകടത്തിനിരയായവരുടെ കുടുംബങ്ങൾക്ക് ഏകദേശം 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ നിർദ്ദേശം. നഷ്ടപരിഹാര തുക ഉടൻ തന്നെ ബന്ധപ്പെട്ട എംബസികളിൽ എത്തിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നല്‍കുന്ന വിവരം.