
കുവൈത്ത് മംഗഫിലെ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി എൻബിടിസി കമ്പനി. 1000 കുവൈത്ത് ദിനാർ (ഇന്ത്യൻ രൂപ 2,72,714 രൂപ) വീതമാണ് ജീവനക്കാർക്ക് നൽകിയത്. പരുക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്ക് സ്കോളർഷിപ്പും നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ താമസ കേന്ദ്രത്തിലാണ് നിലവിൽ പരിക്കേറ്റവർ കഴിയുന്നത്.
ഇനി രണ്ട് പേർ മാത്രമാണ് ചികിത്സയിലുള്ളത്. ജൂൺ 12 നാണ് കുവൈത്ത് മംഗഫിലെ തൊഴിലാളി താമസ കെട്ടിടത്തിൽ 46 ഇന്ത്യക്കാർ ഉൾപ്പെടെ 50 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ തീപിടുത്തം ഉണ്ടായത്. അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സര്‍ക്കാരും കുവൈത്ത് ഭരണകൂടവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുകൂടാതെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി ധനസഹായം നൽകിയിരുന്നു. 1.20 കോടി രൂപയാണ് യൂസഫലി സഹായം നല്‍കിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് ലഭിച്ചത്. നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്.