
കുവൈത്ത് തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തെന്ന് റിപ്പോർട്ട്. 14 മലയാളികളടക്കം 31 ഇന്ത്യക്കാരാണ് വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നത്. ചികിത്സയിൽ കഴിയുന്ന 14 മലയാളികളും അപകട നില തരണം ചെയ്തെന്ന ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
പരിക്കേറ്റ 14 മലയാളികളിൽ ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്.ബാക്കിയുള്ള 13 പേരിൽ ആരുടെയും നില ഗുരതരമല്ല. ഇവരെ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.അൽ അദാൻ, മുബാറക്ക് അൽ കബീർ, അൽ ജാബർ,ജഹ്റ ഹോസ്‌പിറ്റൽ, ഫർവാനിയ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം കുവൈത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. ദുരന്തത്തിൽ മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്ജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരൻ, കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ എന്നിവരുടെ സംസ്കാരമാണ് ഇന്ന് നടക്കുക. മൃതദേഹങ്ങൾ ഇന്നലെ തന്നെ നാട്ടിലെത്തിയെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാലാണ് ചടങ്ങുകൾ നീട്ടി വെച്ചത്.