
കനത്ത മഴയെ തുടർന്ന് കണ്ണൂരിൽ വിമാനം വഴിതിരിച്ചുവിട്ടു. കുവൈത്ത് -കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്. ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവെ കാണാനായില്ല. തുടർന്ന് നെടുമ്പാശ്ശേരിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.
യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ വിമാനം കണ്ണൂരിലേക്ക് തിരിച്ചു പറക്കും. ജില്ലയിൽ ഇന്നലെ മുതൽ ശക്തമായ മഴ തുടരുകയാണ്. ഓറഞ്ച് അലേർട്ടായിരുന്നു നേരത്തേ കണ്ണൂരിലുണ്ടായിരുന്നത്. മഴ ശക്തമായതോടെ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, ശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. കണ്ണൂർ മട്ടന്നൂരിൽ കാർ വെള്ളത്തിൽ മുങ്ങി. കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത്. കാറിലുണ്ടായിരുന്ന രണ്ട് പേരും രക്ഷപ്പെട്ടു. അഞ്ചരക്കണ്ടിയിൽ മതിലിടിഞ്ഞ് അപകടമുണ്ടായി. വയനാടും വലിയ തോതിലുള്ള നാശങ്ങൾ റിപ്പോർട്ട് ചെയ്തു. മുട്ടിലിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ പനങ്കണ്ടി ഗവൺമെന്റ് സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പൂതാടി നെയ്ക്കുപ്പ നഗറിലും ചൂരൽമലയിലും വെള്ളം കയറി.
കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. കക്കൂഴി പറമ്പത്ത് നാണുവിൻ്റെ വീടാണ് തകർന്നത്. വീട് തകരുന്നത് കണ്ടതോടെ വീട്ടുകാർ ഓടി രക്ഷപ്പെടുകയായിരുന്നു.