
യുക്രെയ്‌നിലെ ക്രിമിയൻ ഉപദ്വീപിൽ നിന്ന് അനധികൃതമായി ധാന്യങ്ങൾ കയറ്റുമതി ചെയ്ത വിദേശ ചരക്ക് കപ്പൽ പിടിച്ചെടുത്തതായി കീവ് അധികൃതർ വ്യക്തമാക്കി. കപ്പലിന്റെ ക്യാപ്റ്റനെ കസ്റ്റഡിയിലെടുത്തതായും അധികൃതർ കൂട്ടിച്ചേർത്തു. 2022ൻ്റെ തുടക്കത്തിൽ യുക്രെയ്‌നിലെ കാർഷിക ഭൂമി റഷ്യ പിടിച്ചെടുത്തത് മുതൽ, അധിനിവേശ പ്രദേശത്ത് ഉൽപ്പാദിപ്പിക്കുന്ന ധാന്യങ്ങൾ അനധികൃതമായി വിളവെടുക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതായും യുക്രെയ്ൻ ആരോപിച്ചു.
അധിനിവേശ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിയമങ്ങൾ ലംഘിച്ചുവെന്ന് കാട്ടിയാണ് കപ്പലിൻ്റെ ക്യാപ്റ്റനെ കസ്റ്റഡിയിലെടുത്തതെന്ന് യുക്രെയ്‌ൻ സെക്യൂരിറ്റി സർവീസസ് അറിയിച്ചു. കപ്പൽ കയറ്റുമതി ചെയ്ത ധാന്യം തെക്കൻ യുക്രെയ്‌നിൽ നിന്ന് കൊള്ളയടിച്ചതാണെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.
മുൻ സോവിയറ്റ് രാജ്യമായ അസർബൈജാനിലെ പൗരനാണ് പിടിയിലായ ക്യാപ്റ്റൻ. പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ക്യാപ്റ്റനെതിരെ ചുമത്തിയതെന്നും, യുക്രെയ്‌ൻ സെക്യൂരിറ്റി സർവീസസ് വ്യക്തമാക്കി. അതേസമയം, കപ്പൽ പിടിച്ചെടുക്കുന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന മറ്റ് 12 വിദേശ ക്രൂ അംഗങ്ങളുടെ പൗരത്വത്തെക്കുറിച്ചോ, അവർക്കെതിരെ ചുമത്തിയ കുറ്റങ്ങളോ വിവരമൊന്നും പുറത്ത് വിട്ടിട്ടില്ല.