ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി

പരാതിയിൽ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി
Published on

കൊച്ചി ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന് എതിരായ പരാതിക്കാരുടെ വിവരങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയിൽ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.


വിഷയത്തിൽ രണ്ട് പരാതികളാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചത്. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സും മറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം സംശയകരമായി പൊതു സമൂഹത്തിന് മുന്നിൽ നിൽക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെയും ഈ സ്ഥാപനങ്ങൾക്കെതിരെ പരാതികൾ ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് അടിയന്തരമായി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും പരാതിയിൽ പറയുന്നു.

അതേസമയം തൊഴില്‍ പീഡനവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയാണ്. പുറത്ത് വന്ന ടാര്‍ജെറ്റ് പീഡന ദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് വെളിപ്പെടുത്തലുകള്‍. പീഡനം നടന്നെന്ന് ആവര്‍ത്തിച്ച് കൂടുതല്‍ യുവാക്കളും രംഗത്തെത്തി.

കമ്പനിയില്‍ ട്രെയിനികളെ ഉപയോഗിച്ച് മാനേജര്‍മാര്‍ പന്തയം നടത്തും. തോല്‍ക്കുന്ന ട്രെയിനികളെ ക്രൂരപീഡനത്തിന് ഇരയാക്കും. സഹിക്കാനാകാത്ത പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ വെളിപ്പെടുത്തല്‍.

പന്തയത്തില്‍ ജയിക്കുന്ന ട്രെയിനികള്‍ക്ക് 1000 മുതല്‍ 2000 വരെ സമ്മാനം നല്‍കും. തോല്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കും. മത്സരബുദ്ധി വളര്‍ത്താനാണ് ഇത്തരം നികൃഷ്ടമായ പരിശീലനമെന്നാണ് മാനേജര്‍മാരുടെ വിശദീകരണം.

സ്ഥാപനത്തിനെതിരെ കൂടുതല്‍ യുവാക്കള്‍ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. 2018 ല്‍ പത്രപരസ്യം കണ്ട് ജോലിക്ക് സമീപിച്ച അഭിജിത്ത് എന്ന യുവാവും വെളിപ്പെടുത്തലുമായി രംഗത്തെത്തി. തെറ്റിദ്ധരിപ്പിച്ചാണ് ജോലിയിലേക്ക് എടുക്കുന്നതെന്ന് അഭിജിത്ത് പറയുന്നു. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്കിന്റെ തട്ടിപ്പിനിരയായ ഇടുക്കി സ്വദേശി ആല്‍ബിനെ ഉടമ ജോയ് ജോസഫ് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും ന്യൂസ് മലയാളത്തിന് ലഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com