BIG IMPACT | ലേബർ ഓഫീസറുടെ റിപ്പോർട്ടിൽ അവ്യക്തത; HPL കമ്പനിയെ വെള്ളപൂശിയ റിപ്പോർട്ട് തള്ളി തൊഴിൽ മന്ത്രി

വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
BIG IMPACT | ലേബർ ഓഫീസറുടെ റിപ്പോർട്ടിൽ അവ്യക്തത; HPL കമ്പനിയെ വെള്ളപൂശിയ റിപ്പോർട്ട് തള്ളി തൊഴിൽ മന്ത്രി
Published on

കൊച്ചിയിലെ ടാർഗറ്റ് പീഡനത്തിൽ ലേബർ ഓഫീസറുടെ റിപ്പോർട്ടിൽ അവ്യക്തതയെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. കിട്ടിയ റിപ്പോർട്ട് ശരിയാണെന്ന് തോന്നുന്നില്ലെന്നും, അവ്യക്തയുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിൽ പീഡനം നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളതെന്ന് മന്ത്രി പറഞ്ഞു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൻ്റെ കീഴിലുള്ള തൊഴിൽ പീഡനത്തെ കുറിച്ചുള്ള വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്.

കൊച്ചിയിലെ കമ്പനിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പീഡനത്തില്‍ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു. പീഡനം നടന്നെന്ന് ആവര്‍ത്തിച്ച് കൂടുതല്‍ യുവാക്കളും രംഗത്തെത്തി. കമ്പനിയില്‍ ട്രെയിനികളെ ഉപയോഗിച്ച് മാനേജര്‍മാര്‍ പന്തയം നടത്തും. തോല്‍ക്കുന്ന ട്രെയിനികളെ ക്രൂരപീഡനത്തിന് ഇരയാക്കും. സഹിക്കാനാകാത്ത പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ വെളിപ്പെടുത്തല്‍. പന്തയത്തില്‍ ജയിക്കുന്ന ട്രെയിനികള്‍ക്ക് 1000 മുതല്‍ 2000 രൂപ വരെ സമ്മാനം നല്‍കും. തോല്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കും. മത്സരബുദ്ധി വളര്‍ത്താനാണ് ഇത്തരം നികൃഷ്ടമായ പരിശീലനമെന്നാണ് മാനേജര്‍മാരുടെ വിശദീകരണം.

കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിനിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. "കൂടെ ജോലി ചെയ്യുന്ന ആൺകുട്ടികളുടെ അടിവസ്ത്രം കഴുകേണ്ടി വന്നിട്ടുണ്ട്. ബ്രഷ് ഇല്ലാതെ കൈ ഉപയോഗിച്ച് ക്ലോസറ്റ് വൃത്തിയാക്കേണ്ടി വന്നിട്ടുണ്ട്", യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. ടാർഗറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ ഉപ്പ് വച്ച് അതിന്മേൽ നിർത്തിക്കുമായിരുന്നു. മുട്ടിലിഴയിക്കുക, ഷൂ പോളിഷ് ചെയ്യിക്കുക,എന്നിവയും കമ്പനികളിൽ നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു.


"ഇതിന് പുറമെ ടാർഗറ്റ് തികയ്ക്കാത്തതിന് പലവിധം പീഠനങ്ങൾ നേരിടേണ്ടിവന്നു. പച്ചമുളക് തീറ്റിക്കുകയും, ഉപ്പ് കല്ലിന് മുകളിൽ മുട്ടുകുത്തിച്ച് നിർത്തിക്കുകയും, ടോയ്‌ലറ്റിൽ ഉമ്മ വെപ്പിക്കുകയും, സ്ത്രീകളുടെ വേഷം ധരിപ്പിക്കുകയും ചെയ്തു. അങ്ങനെ പറയാൻ പറ്റാത്ത ഒരുപാട് ശിക്ഷകൾ തന്നിട്ടുണ്ട്. ഇത്രയും കാലം പണിയെടുത്തിട്ട് പട്ടിയുടെ വിലയാണ് തന്നത്. ചെയ്ത പണിക്കുള്ള കൂലി പോലും ഞങ്ങൾക്ക് തന്നിട്ടുണ്ടായിരുന്നില്ല," കമ്പനിയി ജോലി ചെയ്തിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ മുൻ ജീവനക്കാരൻ അരുൺകുമാർ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയിരുന്നു.

നായയെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചുവെന്ന യുവതിയുടെ പരാതിയിൽ പെരുമ്പാവൂരിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ മുൻ മാനേജർ മനാഫിനെതിരെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് മനാഫിനെതിരെ കേസെടുത്തിരിക്കുന്നത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com