
ആരാലും വേണ്ടാതെ തെരുവു നായകൾക്കായി ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണ് തൃശൂർ തളിക്കുളം സ്വദേശിനിയായ സുനിത. സ്വന്തം വീട് പോലും നായകൾക്കായി വിട്ടു നൽകിയാണ് അവർ ഒരോന്നിനെയും പോറ്റി വളർത്തുന്നത് . മിണ്ടാപ്രാണികൾ ഒരോന്നിനെയും സ്വന്തം മക്കളെ പോലെ സംരക്ഷിക്കുകയാണ് സുനിത.
നാടൻ ഇനത്തിൽപ്പെട്ട ചെറിയ കുട്ടികൾ മുതൽ വിദേശത്ത് നിന്നുള്ള മുന്തിയ ഇനം നായകൾ വരെ. ഒന്നിനെയും സുനിത ചോദിച്ച് വാങ്ങിയതോ നേരിട്ട് പോയി കൈപ്പറ്റിയതോ അല്ല. പല കാലങ്ങളിലായി അപകടം പറ്റി തെരുവിൽ കിടന്നതും ഉപേക്ഷിക്കപ്പെട്ടതുമാണ് ഇവയെല്ലാം. ഇത്തരത്തിൽ 138 നായകളെയാണ് തൃശൂർ തളിക്കുളം സ്വദേശിനിയായ സുനിത എം എസ് ഇന്ന് സംരക്ഷിച്ച് വളർത്തുന്നത്.
9 വർഷം മുൻപ് വളരെ യാദൃച്ഛികമായാണ് ആദ്യമായി ഒരു നായയെ സുനിത ഏറ്റെടുക്കുന്നതും വളർത്താൻ തീരുമാനിക്കുന്നതും. അവയോടുള്ള ഇഷ്ടം കൂടിയതോടെ തെരുവിൽ കാണുന്നവയെ കൂടി പിന്നീട് കൂടെ കൂട്ടി. കോവിഡ് കാലത്ത് ഭക്ഷണം കിട്ടാതെ അലഞ്ഞ നായ്ക്കളെ കണ്ടെത്തി പരിചരിച്ചു.
സുനിതയുടെ മൃഗ സ്നേഹത്തെ കുറിച്ചറിഞ്ഞ പലരും അവരുടെ വീട്ട് പടിക്കൽ പോലും നായകളെ ഉപേക്ഷിച്ച് പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്നിനെയും വിട്ടുകളയാൻ മനസ് കാണിക്കാതിരുന്ന അവർ ഇക്കാലം കൊണ്ട് നിരവധി മിണ്ടാ പ്രാണികളെയാണ് ചികിത്സ നൽകി പരിചരിച്ചത്. എന്നാൽ വീടും പരിസരവും നായകളാൽ നിറഞ്ഞത് മൂലം സ്വന്തം വീട് വിട്ട് ഇവർക്ക് വാടക വീട്ടിലേക്ക് താമസവും മാറ്റേണ്ടി വന്നു.
2022-23 ലെ മികച്ച മൃഗ സംരക്ഷണ പ്രവർത്തകയ്ക്കുള്ള സംസ്ഥാന സർക്കാർ അംഗീകാരവും സുനിതക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അംഗീകാരങ്ങൾ നൽകി അനുമോദിക്കുമ്പോഴും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറ്റൊരു സഹായങ്ങളും ലഭിക്കുന്നില്ല. നായകളെ വളർത്തുന്നതും പരിചരിക്കുന്നതും ഭാരിച്ച ചെലവേറിയ കാര്യമാണ്. ചില സുമനസ്സുകളും മൃഗ സ്നേഹികളും നൽകുന്ന സഹായമാണ് ആകെ ആശ്വാസമെന്നും കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പിന്തുണയാണ് പ്രചോദനമെന്നും സുനിത പറയുന്നു.