
പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ലാഹോറിലെ വായു ഗുണനിലവാരം ഏറ്റവും താഴ്ന്ന നിലയിലെന്ന് കണക്കുകൾ. 14 ദശലക്ഷം ആളുകൾ താമസിക്കുന്ന നഗരത്തിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 1,900 ആണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. ഇതോടെ ഇത് രണ്ടാം തവണയാണ് ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള നഗരങ്ങളുടെ പട്ടികയിൽ ലാഹോർ ഒന്നാമതെത്തുന്നത്.
ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പരിധിയേക്കാൾ റെക്കോർഡ് വായുമലിനീകരണമാണ് ലാഹോറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ഒരാഴ്ചക്കാലം നഗരത്തിലെ സ്കൂളുകൾ അടച്ചിടണമെന്നും, കമ്പനികൾ തൊഴിലകൾക്ക് വർക്ക് ഫ്രം ഹോം നൽകണമെന്നതും സർക്കാർ അറിയിച്ചു.
ജനങ്ങൾ വീടുകളിൽ തന്നെ തുടരാനും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ മുച്ചക്ര വാഹനങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുകയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രികളിൽ സ്മോഗ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് സർക്കാരും വ്യക്തമാക്കി.
അതേസമയം, അയൽ രാജ്യമായ ഇന്ത്യയിൽ നിന്നുള്ള മലിനീകരണം മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ വാദം. ഇന്ത്യയിൽ നിന്ന് വരുന്ന കിഴക്കൻ കാറ്റ് കാരണം ലാഹോറിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും, ഇത് സ്വാഭാവിക പ്രതിഭാസമാണ് എന്നും പാകിസ്ഥാൻ സർക്കാർ പറഞ്ഞു.
മഞ്ഞുകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാവുകയാണ്. മഞ്ഞ്, തണുപ്പ്, പുകപടലം എന്നിവ മൂലം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 276 ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ലോകത്തിലെ വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം എന്ന പദവിയും ഡല്‍ഹിക്ക് ലഭിച്ചിരുന്നു.