
ലക്ഷദ്വീപിൽ എം.പി ഹംദുല്ലാ സയ്യിദിനെതിരെ പ്രതിഷേധം. അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലുമായി എം.പി സൗഹൃദ സന്ദർശനം നടത്തിയതിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് പണ്ടാര ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് ഭരണകൂടത്തിൽ നിന്നുമുണ്ടായത്. ആ ഉത്തരവിന് ശേഷമാണ് എംപി ഹംദുല്ലാ സയ്യിദ് അഡ്മിനിസ്ട്രേറ്റർ പട്ടേലിനെ സന്ദർശിച്ചത്. പട്ടേലിനെ എം.പി പൊന്നാട അണിയിച്ചുവെന്നും ആരോപിക്കപ്പെടുന്നുണ്ട്. അതൊരു സൗഹൃദ സംരക്ഷണമാണെന്നാണ് ലക്ഷദ്വീപുകാരുടെ ആരോപണം. വിവാദ ഉത്തരവിനെതിരെ എം.പി പ്രതികരിച്ചിട്ടില്ലെന്നും ആക്ഷേപമുയർന്നു.
എന്നാൽ, ജനകീയ പ്രശ്നങ്ങൾ അഡ്മിനിസ്ട്രേറ്ററെ നേരിട്ട് ബോധ്യപ്പെടുത്തിയെന്നും, താനെന്നും ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണെന്നും എം.പി വ്യക്തമാക്കി.
ജൂൺ 28നാണ് ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാര ഭൂമിയും പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. പണ്ടാര ഭൂമി സര്‍ക്കാരിന്റേതാണെന്ന് കാട്ടിയായിരുന്നു നിര്‍ദേശം. പണ്ടാര ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ദ്വീപ് വാസികള്‍ കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭൂമിയും പണ്ടാര ഭൂമിയായി രേഖപ്പെടുത്തിയിട്ടുണ്ട്.