
ഭൂമി കൈയ്യേറ്റ കേസില്‍ വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ച നോട്ടീസിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് മുന്‍ ക്രിക്കറ്റ് താരവും, തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ യൂസുഫ് പത്താന്‍. വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള തന്‍ഡല്‍ജയില്‍ പത്താന്‍ കൈയ്യേറിയ ഭൂമി 15 ദിവസത്തിനകം വിട്ടുനല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പത്താന്‍ കോടതിയെ സമീപിച്ചത്. ജൂണ്‍ 6നാണ് കോര്‍പ്പറേഷന്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
2012ല്‍ ഭൂമിയ്ക്കായി താന്‍ അപേക്ഷ സമര്‍പ്പിച്ചുവെന്നും, 2014ല്‍ കോര്‍പ്പറേഷന്‍ മറ്റൊരു പദ്ധതി മുന്നോട്ടു വെക്കുകയായിരുവെന്നും പത്താന്‍ കോടതിയെ അറിയിച്ചു. പത്താന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ വിഷയം കുത്തിപ്പൊക്കിയതെന്ന് പത്താന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഒന്നും ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജൂണ്‍ ആറിന് നോട്ടീസ് വരികയായിരുന്നു എന്നും പത്താന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
വിഷയം നേരത്തെ ഒത്തുതീര്‍പ്പായതാണെന്നും, ഭൂമി തനിക്കും സഹോദരനും നല്‍കാന്‍ നേരത്തെ തീരുമാനമായിരുന്നുവെന്നും പത്താന്‍ അറിയിച്ചു. പത്താന്‍ നല്‍കിയ ഹര്‍ജിയില്‍ ബിജെപിയുടെ കീഴിലുള്ള വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ഗുജറാത്ത് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു.
വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തണ്ടാല്‍ജയിലെ സ്ഥലം വിട്ടുകിട്ടുന്നതിനായി പത്താന്‍ നേരത്തെ ബിജെപി കോര്‍പ്പറേറ്ററായ വിജയ് പവാറിനെ സമീപിച്ചിരുന്നു. പിന്നീടുണ്ടായ ജനറല്‍ മീറ്റിങ്ങില്‍ പത്താന്റെ ആവശ്യം മുന്‍സിപ്പല്‍ ബോഡി അംഗീകരിച്ചു. എന്നാല്‍, അതെ തുടര്‍ന്നാണ് മുന്‍സിപ്പല്‍ കമ്മീഷണര്‍ ദിലീപ് റാണ പത്താന് നോട്ടീസ് അയച്ചതെന്നാണ് നോട്ടീസില്‍ പറയുന്നത്.
അതേസമയം വീടിനോട് അടുത്ത് നില്‍ക്കുന്ന സ്ഥലമായതിനാലാണ് വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഭൂമി പത്താന്‍ കൈയ്യേറിയതെന്നും, നേരത്തെ ചതുരശ്ര മീറ്ററിന് 57000 രൂപ വാഗ്ദാനം ചെയ്തിരുന്നെന്നും ബിജെപി കോര്‍പ്പറേറ്ററായ വിജയ് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇത് അംഗീകരിച്ചിരുന്നെങ്കിലും, സംസ്ഥാന സര്‍ക്കാരിനാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അന്തിമ അധികാരം, സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിരുന്നില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.