സിദ്ധരാമയ്യ ഉള്‍പ്പെട്ട ഭൂമി കുംഭകോണം; മുഡ ഓഫീസില്‍ ഇഡി റെയ്ഡ്

കേന്ദ്ര അർദ്ധസൈനിക സേനയുടെ  അകമ്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ മൂഡ സിറ്റി ഓഫീസിലേക്ക് എത്തിയത്
സിദ്ധരാമയ്യ ഉള്‍പ്പെട്ട ഭൂമി കുംഭകോണം; മുഡ ഓഫീസില്‍ ഇഡി റെയ്ഡ്
Published on

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും ഉൾപ്പെട്ട ഭൂമി കുംഭകോണത്തിൻ്റെ കേന്ദ്രമായ മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ)യുടെ സിറ്റി ഓഫീസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.  മുഡ കമ്മീഷണർ രഘുനന്ദനനും മറ്റ് അധികൃതരുമായും ഇഡി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. സ്പെഷ്യല്‍ ലാൻഡ് അക്വിസിഷൻ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഇഡി സന്ദർശിച്ചു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസി, മുഡ ഓഫീസില്‍ നിന്നും പ്രധാനപ്പെട്ട ചില രേഖകൾ പിടിച്ചെടുത്തേക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മൈസൂരു ഓഫീസിലെ അഴിമതിയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെ കുറിച്ചും ഇഡി അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

കേന്ദ്ര അർദ്ധസൈനിക സേനയുടെ  അകമ്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ മുഡ സിറ്റി ഓഫീസിലേക്ക് എത്തിയത്.  മൈസൂരുവിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും ഇഡി തെരച്ചിൽ നടത്തി. തെരച്ചിലുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളുമായി പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രിക്കോ കുടുംബത്തിനോ ബന്ധമില്ല. കെ. മാരി ഗൗഡ, മുഡ മേധാവി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഇഡിയുടെ റെയ്ഡ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാരി ഗൗഡയുടെ രാജി.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതി, മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. പാർവതിക്ക് അവരുടെ സഹോദരൻ നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിനു പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com