
കോഴിക്കോട് വിലങ്ങാട് മഞ്ഞചീളിയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. കഴിഞ്ഞദിവസം ഉരുൾപൊട്ടിയ അതേ സ്ഥലത്താണ് വീണ്ടും ഉരുൾപൊട്ടിയത്. പ്രദേശത്തെ കുടുംബങ്ങളെ നേരത്തെ തന്നെ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു. ഇതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ വിലങ്ങാട് നരിപറ്റ പഞ്ചായത്തിലെ വായാട് എസ്‌ഡി കോളനി ഒറ്റപെട്ട നിലയിലായിരുന്നു. എന്നാൽ പ്രദേശത്ത് ഒറ്റപ്പെട്ടവരുടെ അടുത്ത് രക്ഷാപ്രവർത്തകർ എത്തുകയും കുടുംബങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കുകയും ചെയ്തു.
വായാട് നിന്നും നരിപ്പറ്റയിലേക്ക് പോകുന്ന പാലം തകർന്നതോടെയാണ് രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് എത്താൻ കഴിയാതിരുന്നത്. അതേസമയം മഞ്ഞചീളി സ്വദേശി കുലത്തിങ്കൽ മാത്യു എന്ന മത്തായിയെ ഇതുവരെ കണ്ടെത്തനായില്ല.