
വയനാട് മുണ്ടക്കൈ ചൂരല്‍മലയിൽ ഇന്ന് രാവിലെയുണ്ടായ ഉരുൾപൊട്ടലിൽ മരണം 144 ആയി ഉയർന്നു. രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. രാത്രിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതിനാലാണ് ഇന്നത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ചത്. വളരെ നേരിയ ഒരു മണ്‍ഭിത്തിയില്‍ നിന്നുകൊണ്ടാണ് അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അതിനാല്‍, രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇന്നത്തേക്ക് നിര്‍ത്തിവെച്ചത്. നാളെ അതിരാവിലെത്തന്നെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായി സൈന്യം വൈകിട്ടോടെ സ്ഥിരീകരിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടങ്ങിയതായും പരുക്കേറ്റവരെ റോപ് വേ മാർഗം രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചു. 122 എ ബറ്റാലിയൻ ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്. നീളമുള്ള വടം ഉപയോഗിച്ച് പുഴയ്ക്ക് മുകളിലൂടെ റോപ് വേ വഴിയാണ് ആളുകളെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നത്. രക്ഷാദൗത്യത്തിനായി കൂടുതൽ സൈന്യം എത്തുമെന്നാണ് വിവരം.
മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈന്യമെത്തും. തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിൽ നിന്നുമാണ് സൈന്യമെത്തുക. വ്യോമസേന വിമാനങ്ങളിലാണ് എത്തുക. കൂടുതൽ സംവിധാനങ്ങളും സൈന്യം എത്തിക്കും. പാലം നിർമിക്കുന്നതിനടക്കമുള്ള സംവിധാനങ്ങളാണ് എത്തിക്കുക. ബെംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും ആകാശമാർഗമാണ് ഇവ എത്തിക്കുക. കോഴിക്കോട് സൈന്യത്തിൻ്റെ കൺട്രോൾ സെന്റർ ആരംഭിക്കും.
ദുരന്തമുണ്ടായ മുണ്ടക്കൈയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ 572 മില്ലീമീറ്റർ മഴയാണ് പെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതാണ് അപകടത്തിന് കാരണമായതെന്നും മുണ്ടക്കൈ തീവ്ര ദുരിത ബാധിത പ്രദേശമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. മണ്ണിടിച്ചിലിൽ പരിക്കേറ്റവരെ മുഴുവൻ സൈന്യം ഇതിനോടകം രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. വയനാട്ടിൽ ഇതുവരെ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3096 പേരാണ് ഈ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
ഉരുൾപൊട്ടലുണ്ടായ മേഖലയിൽ 400ഓളം വീടുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ദുരന്തത്തിൻ്റെ വ്യാപ്തി ഇതിലും വലുതാണെന്നാണ് ലഭിക്കുന്ന സൂചന. ചൊവ്വാഴ്ച ഉച്ചയോടെ മുണ്ടക്കൈ പുഴയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായത് രക്ഷാപ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചു. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു.
പുലർച്ചെയോടെ മൂന്ന് തവണ ഉരുൾപൊട്ടലുണ്ടായി
ഇന്ന് പുലർച്ചെ മൂന്ന് തവണയാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുൾപൊട്ടൽ. തൊട്ടുപിന്നാലെ 4.10 ഓടെ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളെയാണ് ഉരുള്‍പൊട്ടൽ ബാധിച്ചത്. നിലവിൽ 73 പേര്‍ വിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒൻപത് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
മരിച്ചവരിൽ 28 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 46 മൃതശരീരങ്ങൾ ഉണ്ട്. അതിൽ 24 സ്ത്രീകൾക്കും 22 പുരുഷന്മാർക്കും പുറമെ ഒരു കാലുമുണ്ട്. 11 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും, 8 മൃതദേഹങ്ങൾ വിംസ് ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്.
റംലത്ത് (53), അഷ്റഫ് (49), ലെനിൻ, കുഞ്ഞി മൊയ്തീൻ (55), ലീല, റെജിന, വിജീഷ്, സുമേഷ്, ശ്രേയ (19) എന്നിവരെയാണ് നിലവിൽ തിരിച്ചറിഞ്ഞത്. കൂടാതെ അപകടത്തിൽ ചാലിയാർ പുഴയിലൂടെ 11 മൃതദേഹങ്ങൾ മലപ്പുറത്ത് എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മാത്രം 25 മൃതദേഹങ്ങൾ കണ്ടെത്തി.
രക്ഷാപ്രവർത്തനത്തിന് സൈനികരും
ഡി.എസ്.സി.സിയില്‍ നിന്ന് 2 ഗ്രൂപ്പുകളായി 200 സൈനികര്‍ രക്ഷ ദൗത്യത്തിനും ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടു. ഏഴിമലയില്‍ നിന്ന് നാവിക സേനയുടെ 30 അംഗ റിവര്‍ ക്രോസിംഗ് സംഘമാണ് എത്തുക. തിരുവനന്തപുരം, എറണാകുളം, എന്നിവിടങ്ങളില്‍ നിന്നുള്ള 30 പേര്‍ അടങ്ങിയ ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വയനാട്ടിലെ ദുരന്തമുഖത്തേക്ക് തിരിച്ചു. ഒപ്പം കണ്ണൂര്‍ മിലിട്ടറി ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘവും പുറപ്പെട്ടിട്ടുണ്ട്.
ചൂരല്‍മല പാലം ഒലിച്ചുപോയി; ഒറ്റപ്പെട്ട് മുണ്ടക്കൈ
കനത്ത മഴയില്‍ ചൂരല്‍മല പാലം ഒലിച്ചുപോയി. ഇതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തകർക്ക് പോലും മുണ്ടക്കൈയിലേക്ക് കടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൽപ്പറ്റ മേപ്പാടി, മുട്ടില്‍ മേപ്പാടി റോഡും ബ്ലോക്കാണ്. കൽപ്പറ്റ ടൗണിലും വെള്ളം കയറി. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. നിലവിൽ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവരടങ്ങുന്ന 250 അംഗ ടീമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ചൂരൽമലയിൽ വേണ്ടത് കൂട്ടായ രക്ഷാപ്രവർത്തനം
ചൂരൽമലയിലെ രക്ഷാദൗത്യത്തിനായി തിരുവനന്തപുരത്ത് നിന്ന് സൈന്യം പുറപ്പെട്ടു. 43 അംഗ സംഘമാണ് പുറപ്പെട്ടത്. മെഡിക്കൽ ഓഫീസറും സംഘത്തിൽ ഉണ്ടാവും. കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. ചൂരൽമലയിലെ രക്ഷാദൗത്യത്തിനായി രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പും വയനാട്ടിലേക്ക് പുറപ്പെട്ടു. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് ഇവരെത്തുന്നത്. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെംഗളൂരുവിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
കേരള പൊലീസും അഗ്നിരക്ഷാ സേനയും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ചൂരൽമലയിൽ നിന്നുള്ളവരെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്ത് കല്പറ്റ എസ്.കെ.ജെ സ്കൂളിൽ എത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴ് ഡോക്ടർമാർ അടങ്ങുന്ന സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവികസേനാ സംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായമാണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം
മന്ത്രിമാരായ .കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ,റവന്യു മന്ത്രി കെ. രാജൻ, മുഹമ്മദ് റിയാസ്, ഒ. ആർ കേളു എന്നിവരും സംഭവ സ്ഥലത്തേക്ക് ഉടൻ എത്തും. തിരുവനന്തപുരത്തു നിന്ന് പ്രത്യേക വിമാനത്തിലാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തുക. വയനാട് ഉരുൾപ്പൊട്ടൽരക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യും. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ.കേളു എന്നിവരാണ് വിമാനമാർഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചു.
ചൂരല്‍മലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
ഡെപ്യൂട്ടി കളക്ടര്‍ - 8547616025
തഹസില്‍ദാര്‍ (വൈത്തിരി) - 8547616601
കല്‍പ്പറ്റ ജോയിന്‍റ് ബിഡിഒ ഓഫീസ് - 9961289892
അസിസ്റ്റന്‍റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ - 9383405093
അഗ്നിശമന സേന അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ - 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9447350688
ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം - 9656938689, 8086010833
വയനാടിനായി കൈകോര്‍ക്കാം: ആഹ്വാനം ചെയ്ത് വയനാട് ജില്ലാ കളക്ടര്‍
വയനാട് മുണ്ടക്കൈയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി അഭ്യർഥിച്ച് ജില്ലാ കളക്ടര്‍. ഇതിനായി സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും പോസ്റ്റിൽ പറയുന്നു.
വയനാട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കുക. ബന്ധപ്പെടണ്ട നമ്പർ - 8848446621
വിദഗ്ധ ഡോക്ടർമാര്‍ ദുരന്തമുഖത്തെത്തും
ദുരന്തമേഖലയിലേക്ക് വിദഗ്ധ ഡോക്ടർമാരെത്തും. കോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ടീമുകളാണ് എത്തുക. സർജറി, ഓർത്തോപീഡിക്‌സ്, ഫോറൻസിക് വിഭാഗങ്ങളിലെ ഡോക്ടർമാരെയും നഴ്‌സുമാരെയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ ടീമിനെയും നിയോഗിച്ചു. ദുരന്ത മേഖലകളിൽ പരിചയമുള്ള ഡോക്ടർ സംഘവും എത്തും. പ്രാദേശികമായി ആരോഗ്യ വകുപ്പിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി NHM സ്റ്റേറ്റ് മിഷൻ ഡയറക്ടറെ നിയോഗിച്ചു.
രക്ഷാപ്രവർത്തനം അവസാനിച്ചു
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. രാത്രിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതിനാലാണ് ഇന്നത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ചത്. വളരെ നേരിയ ഒരു മണ്‍ഭിത്തിയില്‍ നിന്നുകൊണ്ടാണ് അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അതിനാല്‍, രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇന്നത്തേക്ക് നിര്‍ത്തിവെച്ചത്. നാളെ അതിരാവിലെത്തന്നെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും.