
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട മേപ്പാടി പഞ്ചായത്തിലെ 250 കുട്ടികൾക്ക് ലാപ്ടോപ്പ് നൽകും. തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഒരു കോടി ഏഴ് ലക്ഷം രൂപയാണ് അനുവദിച്ചത്. എസ്ഡിആർഎഫിൽ നിന്ന് തുക നൽകി. ഒരു ലാപ്ടോപ്പിന് 42,810 രൂപയാണ് ചെലവഴിക്കുന്നത്.
ചൂരല്‍മല - മുണ്ടക്കൈ ദുരിതബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ആരംഭിക്കാനിരിക്കെ ദുരിതക്കയം നീന്തിക്കയറിയ മനുഷ്യരുടെ ആശങ്കകള്‍ക്ക് അറുതിയില്ലെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ദുരിതബാധിത പ്രദേശത്തുള്ള മുഴുവന്‍ പേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല എന്ന പരാതി ശക്തമാണ്. സകലതും നഷ്ടപ്പെട്ടവര്‍ക്കുള്ള 300 രൂപ ധനസഹായം പുനഃസ്ഥാപിക്കുമെന്ന ഉത്തരവും നടപ്പായില്ല. നിര്‍ദിഷ്ട ടൗണ്‍ഷിപ്പിനെ കുറിച്ചും പരാതികള്‍ അനവധിയാണ്.
എട്ട് മാസം മുൻപുണ്ടായ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിൽ ജീവന്‍ നഷ്ടപ്പെട്ടത് 300ഓളം പേര്‍ക്കാണ്. ഇനിയും കണ്ടെത്താനുള്ളത് 32 പേരെയാണ്. ജീവിക്കുന്ന രക്തസാക്ഷിയായി ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ആയിരങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ ഘട്ടം പൂര്‍ത്തിയാക്കി സംസ്ഥാനം പുനരധിവാസത്തിലേക്ക് കടന്ന നാളുകള്‍ മുതല്‍ ദുരിതബാധിതര്‍ ഉന്നയിക്കുന്ന പല പ്രശ്‌നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. നാട് നടുങ്ങിയിട്ട് നടുക്കം മാറാതെ സമരമിരിക്കേണ്ടിവന്ന നിസഹായരായ മനുഷ്യര്‍.