ഒയാസിസിൻ്റെ രാജ്യത്തെ ഏറ്റവും വലിയ പ്ലാൻ്റ് മധ്യപ്രദേശിൽ, അനുമതി നൽകിയത് കോൺഗ്രസ് സർക്കാർ: എം.ബി. രാജേഷ്

പ്രതിപക്ഷത്തിന് പുറത്ത് പറഞ്ഞ കാര്യങ്ങൾ സഭയിൽ ഉന്നയിക്കാൻ ധൈര്യമുണ്ടായില്ലെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു
ഒയാസിസിൻ്റെ രാജ്യത്തെ ഏറ്റവും വലിയ പ്ലാൻ്റ് മധ്യപ്രദേശിൽ, അനുമതി നൽകിയത് കോൺഗ്രസ് സർക്കാർ: എം.ബി. രാജേഷ്
Published on

എലപ്പുള്ളി മദ്യക്കമ്പനി വിവാദത്തിൽ ഒയാസിസിന്റെ വലിയ പ്ലാന്റുളളത് മധ്യപ്രദേശിലാണെന്നും, അവിടെ അനുമതി കൊടുത്തത് കോൺഗ്രസ് സർക്കാരാണെന്നും മന്ത്രി എം.ബി. രാജേഷ്. ഹരിയാനയിലും പഞ്ചാബിലും പ്ലാന്റുണ്ട്. അവിടെയെല്ലാം കോൺഗ്രസാണ് അനുമതി കൊടുത്തത്. അവിടെയാകാം, ഇവിടെ വേണ്ട എന്ന നിലപാടാണ്. കേരളത്തിലേക്ക് 43 കമ്പനികളാണ് സ്പിരിറ്റ് എത്തിക്കുന്നത്. ഏറ്റവും കൂടുതൽ എത്തിക്കുന്നത് കർണാടകയിലെ ഹർഷാ ഷുഗേഴ്സാണ്. ഇതിന്റെ ഉടമ കോൺഗ്രസ് നേതാവാണെന്നും എം.ബി. രാജേഷ് ആരോപിച്ചു.

പ്രതിപക്ഷത്തിന് പുറത്ത് പറഞ്ഞ കാര്യങ്ങൾ സഭയിൽ ഉന്നയിക്കാൻ ധൈര്യമുണ്ടായില്ലെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രതിപക്ഷം സഭയിൽ പ്രശ്നം ഉന്നയിക്കുമെന്ന് കരുതി, അടിയന്തിര പ്രമേയം അവതരിപ്പിക്കുമെന്നാണ് കരുതിയതെന്നും എം.ബി. രാജേഷ് പറഞ്ഞു. "മുൻ പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചു. രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറഞ്ഞു. പ്രതിപക്ഷത്തിന് നിസ്സഹായരായി ഇരിക്കേണ്ടി വന്നു. അങ്ങേയറ്റം തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഒരു തുള്ളി ഭൂഗർഭ ജലം എടുക്കുന്നില്ല. നുണപ്രചാരണം കുടിലമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പദ്ധതി വന്നപ്പോൾ തന്നെ ഭൂഗർഭജലം എടുക്കരുതെന്ന് നിഷ്കർഷിച്ചിരുന്നു. ചിലർ പ്ലാച്ചിമട സമരവുമായി താരതമ്യം ചെയ്യുകയാണ്. ഞാൻ ആ സമരത്തിൽ പങ്കെടുത്ത ആളാണ്," എം.ബി. രാജേഷ് പറഞ്ഞു.

"ഇനിയും പദ്ധതികൾ വരാനുണ്ട്. അസത്യം പറഞ്ഞ്, മുതൽമുടക്കാൻ വരുന്നവരെ തിരിച്ചോടിയ്ക്കരുത്. അപവാദം പറഞ്ഞാൽ, ശരിയായ നടപടിയിൽ നിന്നും പിന്മാറില്ല. നിയമസഭയിൽ നിരായുധരായി ഇരിക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഡിസ്റ്റിലറി ആരംഭിച്ചത് കോൺഗ്രസാണ്. ഒന്നും ടെണ്ടർ വിളിച്ചല്ല തുടങ്ങിയത്, വ്യവസായം വരുന്നത് ടെണ്ടർ വിളിച്ചല്ല," എം.ബി. രാജേഷ് പറഞ്ഞു.



ഞങ്ങൾ പ്രഖ്യാപിച്ച നയം നടപ്പിലാക്കുകയാണ് ചെയ്തതെന്നും അതിനല്ലേ ഈ സർക്കാർ ഇരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് അറിഞ്ഞില്ല എന്ന വാദം തെറ്റാണ്. ഒരു വർഷം മുൻപ് പഞ്ചായത്തിനെ അറിയിച്ചു. എന്നിട്ടും പഞ്ചായത്ത് പ്രസിഡൻ്റിനെക്കൊണ്ട് കളളം പറയിക്കുന്നു. ചിലർ സമരവുമായി അടിഞ്ഞ് കൂടിയിട്ടുണ്ട്. സമരം കൊണ്ട് ഉപജീവനം നടത്തുന്ന ചിലരുണ്ട്. ഹൈക്കോടതിയിൽ പോകാമെന്ന് പറഞ്ഞ് പണം പിരിയ്ക്കുന്നു. അവരാരും ഈ സമരവുമായി മുന്നോട്ട് പോകാമെന്ന് കരുതേണ്ടെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com